അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ല; ആനക്കൊമ്പ് കേസ് പ്രതികളെ കോടതി വിട്ടയച്ചു, ബന്ധുക്കളെ അറിയിച്ചില്ലെന്ന് വാദം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മകചിത്രം | മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്

സുൽത്താൻബത്തേരി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് പിടികൂടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ അറസ്റ്റ് നടപടികൾ പൂർണമായി പാലിക്കാത്തതിനാൽ വിട്ടയച്ചു. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വനംവകുപ്പിന്റെ റിമാൻഡ് അപേക്ഷ തള്ളി പ്രതികളെ വിട്ടയച്ചത്. കേസ് നിലനിൽക്കുന്നതിനാൽ കോടതിയുടെ മുൻകൂർ അനുമതി വാങ്ങി പ്രതികളെ വീണ്ടും അറസ്റ്റുചെയ്യാം.

ചൊവ്വാഴ്ച ചെതലയം ആറാംമൈലിൽ ഹോംസ്റ്റേയിൽ വെച്ച് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ വടക്കനാട് പണയമ്പം തെക്കേകുന്നത്ത് ഷെമിൻ ഫ്രാൻസിസ്(32), ചെതലയം ആറാംമൈൽ വെട്ടുപാറപ്പുറത്ത് അഭിലാഷ്(44) എന്നിവരും പിന്നീടുള്ള അന്വേഷണത്തിൽ ഇവർക്ക് ആനക്കൊമ്പ് നൽകിയതെന്നുകരുതുന്ന കുറിച്യാട് സ്വദേശികളായ ബാലൻ (54), രാജേഷ് (35), പണയമ്പം സ്വദേശി ജിത്തു (27), എൻ. മനോജ് (35) എന്നിവരെയും അറസ്റ്റുചെയ്തിരുന്നു.

ബുധനാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനാണ് വനംവകുപ്പ് അപേക്ഷ നൽകിയത്. എന്നാൽ, ഭാരതീയ നാഗരിക് സുരക്ഷാസംഹിത 47, 48 വകുപ്പുകൾ പ്രകാരം അറസ്റ്റുനടന്നാൽ പ്രതികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയും എന്തിന് അറസ്റ്റുചെയ്യുന്നുവെന്ന് ബോധ്യപ്പെടുത്തുകയും വേണം.

വനംവകുപ്പ് കേസിൽ ഇതുണ്ടായില്ലെന്ന് പ്രതിഭാഗം അഭിഭാഷകനായ സി. ആശ്വാസ് വാദിച്ചു. ഇതോടെയാണ് കോടതി പ്രതികളെ വിട്ടയച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് പിടികൂടിയ പ്രതികളെ വിട്ടയക്കുന്നതിന് ഇടയാക്കിയത്. കോടതി അനുമതിയോടെ വീണ്ടും ഇവരെ അറസ്റ്റുചെയ്യാൻ വീണ്ടും പണിപ്പെടേണ്ടിവരും. അതേസമയം, അസി. പബ്ലിക് പ്രോസിക്യൂട്ടർ സ്ഥലത്തില്ലാതിരുന്നതിനാൽ വനംവകുപ്പിനുവേണ്ടി വാദമുന്നയിക്കാൻ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പ്രതികളിലൊരാൾക്ക് കാട്ടിൽ തേൻശേഖരിക്കാൻ പോയപ്പോൾ ലഭിച്ചതാണ് രണ്ട് ആനക്കൊമ്പുകളെന്നും കൊമ്പിന്റെ കഷണം ചക്കപറിക്കുമ്പോൾ പ്ലാവിൽ കുത്തിക്കയറിയനിലയിൽ കണ്ടതാണെന്നുമാണ് പ്രതികൾ മൊഴിനൽകിയിരിക്കുന്നത്. ഇത് വിൽക്കാനായി മറ്റുള്ളവരെ ഏൽപ്പിക്കുകയായിരുന്നു.

അതേസമയം, അറസ്റ്റ് നടപടിക്രമങ്ങൾ സമാനരീതിയിൽ പാലിക്കാത്തതിനാൽ മറ്റൊരു കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതേവിട്ടു. അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ മദ്യവിൽപ്പനശാലയ്ക്ക് മുന്നിൽ അടിപിടിയുണ്ടാക്കിയ കേസിലെ പ്രതികളെയാണ് വിട്ടയച്ചത്.

അറസ്റ്റുവിവരം ബന്ധുവിനെ അറിയിച്ചിരുന്നെങ്കിലും അയാൾക്ക് അക്ഷരാഭ്യാസമില്ലായിരുന്നു. ഇത്തരം സാഹചര്യത്തിൽ ഒപ്പിന് പകരം വിരലടയാളം വാങ്ങണമെന്നാണ്. ഇതുണ്ടായില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ അജിത്ത് ലാൽ വാദിച്ചു. പത്തുവർഷം വരെ തടവുലഭിക്കാവുന്ന കുറ്റകൃത്യത്തിൽ പ്രതികളായവരെയാണ് ഇതുമൂലം വിട്ടയച്ചത്.

Content Highlights: Sultan Bathery court released the accused in the elephant tusk case., The release was ordered due to the Forest Department's failure to follow proper arrest procedures under BNSS., The court noted that relatives were not properly informed of the arrest grounds as per legal mandates., Authorities can re-arrest the accused with prior court permission as the case is still active.