വഴിത്തര്‍ക്കം, മതില്‍ പൊളിക്കാനെത്തി; 75-കാരിയെയും മകളെയും സംഘംചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി

Screengrab: Mathrubhumi News
Screengrab: Mathrubhumi News

തിരുവനന്തപുരം: വെള്ളറടയില്‍ വഴിത്തര്‍ക്കത്തിന്റെ പേരില്‍ 75-കാരിയെയും മകളെയും മര്‍ദിച്ചതായി പരാതി. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി, മകള്‍ ഗീത എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. 

നാലുമാസത്തോളമായി സുന്ദരിയുടെ കുടുംബവും സമീപവാസികളുമായി വഴിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് തിങ്കളാഴ്ച ഇരുപതോളംപേരടങ്ങുന്ന സംഘം വീടിന്റെ ചുറ്റുമതില്‍ പൊളിക്കാനെത്തിയതെന്നാണ് പരാതിക്കാരുടെ ആരോപണം. 

മതില്‍ പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗീത ഇത് തടയാന്‍ ശ്രമിക്കുകയും തുടര്‍ന്ന് സമീപവാസികള്‍ ഇവരെ ആക്രമിച്ചെന്നുമാണ് പരാതി. മകളെ മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയ സുന്ദരിക്കും മര്‍ദനമേറ്റെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പരിക്കേറ്റ ഇരുവരും പിന്നീട് ചികിത്സ തേടുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു.


 

Content Highlights: elderly woman and daughter attacked in vellarada thiruvananthapuram