കാറപകടത്തിന് പിന്നാലെ വൻ ഗൂഢാലോചന; യുവാവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ നോക്കിയ 3 പേർ കുടുങ്ങി

#ന്യൂസ് ഡെസ്ക്
നെച്ചുകുളത്തില്‍ രാകേഷ്, മണികണ്ഠന്‍, എം.കെ. ശരണ്‍കുമാര്‍
നെച്ചുകുളത്തില്‍ രാകേഷ്, മണികണ്ഠന്‍, എം.കെ. ശരണ്‍കുമാര്‍

എലത്തൂർ: കാറപകടത്തെ തുടർന്ന് നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെട്ടയാളിനെ മയക്കുമരുന്നു കേസിൽ കുടുക്കാൻശ്രമം. അപകടസ്ഥലത്ത് മയക്കുമരുന്നുകൊണ്ടുവെച്ച മൂന്നുപേർ അറസ്റ്റിലായി. എരഞ്ഞിക്കൽ നരിക്കുനി പറമ്പിൽ എം.കെ. ശരൺകുമാർ (29), എടക്കാട് പാലക്കട നെച്ചുകുളത്തിൽ രാകേഷ് (36) വെസ്റ്റ്ഹിൽ എൻജിനിയറിങ് കോളേജിനു സമീപം വലിയപറമ്പ് മണികണ്ഠൻ (26)എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 26-ന് രാത്രിയാണ് നെച്ചിക്കുളത്ത് മദ്യലഹരിയിലായിരുന്ന അവിനാഷ് ഓടിച്ച കാർ കരിങ്കൽക്കെട്ടിലിടിച്ച് അപകടമുണ്ടായത്. സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുമായും പോലീസുമായും ഇയാളും സുഹൃത്തുക്കളും തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

വാഹനവും പരിസരവും പോലീസും നാട്ടുകാരും പരിശോധിച്ചെങ്കിലും ഒന്നുംകണ്ടെത്തിയിരുന്നില്ല. അവിനാഷിനും സുഹൃത്തുക്കൾക്കും എതിേര മദ്യപിച്ച് വാഹനം ഓടിച്ചതിനും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അന്ന് കേസെടുത്തിരുന്നു. കാറിലുണ്ടായിരുന്ന അവിനാഷിനോടുള്ള മുൻവിരോധത്തിന്റെ പുറത്താണ് കേസിൽകുടുക്കാൻ പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്.

നാടകംപൊളിച്ചത് ശാസ്ത്രീയമായി

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; രണ്ടാം പ്രതി 0.09 ഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പ്, 5 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ സ്ഥലത്തുകൊണ്ടുപോയി വെച്ചശേഷം അവിനാഷ് വലിച്ചെറിഞ്ഞതാണെന്ന് വരുത്തിത്തീർത്തു. എന്നാൽ, സ്ഥലത്തുനിന്ന് കണ്ടെടുത്ത വാഹനം പോലീസ് ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചെങ്കിലും ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.

സൈബർ സെല്ലിന്റെ സഹായത്തോടെയും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ ഗൂഢാലോചന കണ്ടെത്തിയത്. എലത്തൂർ എസ്.എച്ച്.ഒ. നിമിൻ കെ. ദിവാകരൻ, എസ്.ഐ.എസ്. കെ. പ്രവീൺകുമാർ എ.എസ്.ഐ. രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർ അതുൽ, വൈശാഖ്, സജിനേഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.