യു.എ.ഇ. ബാങ്കിനെ കബളിപ്പിച്ചു; കാസർകോട് സ്വദേശിയുടെ 32 ലക്ഷം ഇ.ഡി. കണ്ടുകെട്ടി

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

കൊച്ചി: യു.എ.ഇ.യിലെ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് 150 കോടി രൂപയോളം വായ്പയെടുത്ത കേസിൽ കാസർകോട് സ്വദേശിയുടെയും കുടുംബത്തിന്റെയും 32 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി. സി.ടി. സുലൈമാൻ, ഭാര്യ ഒ.ടി. നഫീസത്ത്, മകൻ മുഹമ്മദ് സിനാൻ സുലൈമാൻ എന്നിവരുടെ പേരിലുള്ള സ്വത്താണ് കണ്ടുകെട്ടിയത്. വായ്പത്തുകയിൽ 4.60 കോടി രൂപ ഇന്ത്യയിലേക്ക് കടത്തിയതായി കണ്ടെത്തിയിരുന്നു.

ബാങ്കിന്റെ പരാതിയിൽ കാസർകോട് ചന്ദേര പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി.യും കേസെടുത്തത്. അബുദാബിയിൽ ഹെക്സാ ഓയിൽ ആൻഡ് ഗ്യാസ് സർവീസ് എന്ന സ്ഥാപനം നടത്തിയിരുന്ന കാസർകോട് സ്വദേശി തിരുത്തുമ്മൽ അബ്ദുറഹ്‌മാൻ ചേന്നോത്ത്, 2013-17 കാലഘട്ടത്തിൽ ബാങ്കിൽനിന്ന് 68.159 ദശലക്ഷം ദിർഹം (ഏകദേശം 160 കോടി രൂപ) വായ്പയെടുത്തിരുന്നു. വ്യവസായ വികസനത്തിനുവേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ, ഇതിനായി വ്യാജരേഖകളാണ് സമർപ്പിച്ചതെന്ന് പിന്നീട് കണ്ടെത്തി.

വായ്പത്തുകയിൽ നല്ലൊരു പങ്ക് ഇന്ത്യയിലേക്ക് മാറ്റി. ഇതിൽ 4.60 കോടി രൂപ അബ്ദുറഹ്‌മാന്റെ എൻ.ആർ.ഇ. അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഈ അക്കൗണ്ടിൽനിന്ന് 34.66 ലക്ഷം രൂപ സഹോദരനായ സി.ടി. സുലൈമാന്റെ അക്കൗണ്ടിലേക്കും മാറ്റി. ഇ.ഡി.ക്ക് നൽകിയ മൊഴിയിൽ പണം ലഭിച്ചതായി സുലൈമാൻ സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ ലഭിച്ച പണം കാസർകോട്ട് വീട് നിർമിക്കാനാണ് വിനിയോഗിച്ചത്.

സുലൈമാൻ 2022-ൽ തന്റെ ഭാര്യക്കും മകനും 4,50,000 രൂപ എന്ന നിസ്സാരമായ തുകയ്ക്ക് ഈ സ്വത്തിന്റെ വലിയൊരു ഭാഗം വിൽപ്പനക്കരാർ വഴി കൈമാറി. എന്നാൽ, ഇതിനായി യഥാർഥത്തിൽ പണമൊന്നും നൽകിയിട്ടില്ലെന്ന് നഫീസത്ത് ഇ.ഡി.ക്ക് മൊഴിനൽകി. സ്വത്ത് മറച്ചുവെക്കുന്നതിനായി നടന്ന ഇടപാടായിരുന്നു ഇത്. നേരത്തേ, ഈ കേസിൽ ഏകദേശം 4.55 കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയത് അജുഡിക്കേറ്റിങ് അതോറിറ്റി ശരിവെച്ചിരുന്നു. ഇതിനൊപ്പം എറണാകുളം പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ പരാതി ഫയൽചെയ്തിട്ടുണ്ട്.

Content Highlights: ED seized a property worth ₹32 lakhs belonging to a Kasaragod native and his family., The seizure is linked to a major loan fraud of approximately ₹150 crore from a UAE bank., Funds from the fraudulent loan were illegally transferred to India to purchase assets., This action is part of a wider investigation into money laundering by the ED.