MDMA പാക് അതിർത്തിയിൽ 500രൂപ, കേരളത്തിൽ 4000; വരുണിനായി കെണിയൊരുക്കി പോലീസ്, വീണത് എക്സൈസിന്റെ വലയിൽ

കൊച്ചി: മാർച്ച് 28-ന് കടവന്ത്രയിലെ ആഡംബര ഹോട്ടലിൽനിന്ന് മയക്കുമരുന്നുകളുമായി എട്ടുപേർ പോലീസ് പിടിയിലാകുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ചെന്നെത്തിയത് കളമശ്ശേരി വട്ടേക്കുന്നത്ത് ലോഡ്ജിലായിരുന്നു. ഇവിടെനിന്ന് എംഡിഎംഎയും കഞ്ചാവുമായി സിയാദ്, ആദിൽ അൻസാർ എന്നിവർ പിടിയിലായി.
പിന്നാലെ ഇവർക്ക് ലഹരിനൽകിയവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. അതോടെ പള്ളുരുത്തി സ്വദേശി ഷമീർ അറസ്റ്റിലാകുന്നു. അവിടംകൊണ്ടും നിർത്തിയില്ല. അന്വേഷണത്തിൽ ഷമീറിന് ലഹരി എത്തിച്ചുനൽകിയത് തൊടുപുഴ സ്വദേശി കെവിൻ എന്നയാളാണെന്ന് വ്യക്തമായി. കെവിനുവേണ്ടി വലവിരിച്ച് പോലീസ് കാത്തിരുന്നു.
ഏതാനും ദിവസത്തെ നിരീക്ഷണങ്ങൾക്കൊടുവിൽ വാഴക്കാലയിൽനിന്ന് 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായി കെവിൻ മാത്യു പിടിയിലായി. കെവിന് ലഹരി എത്തിച്ചുനൽകുന്ന സംഘത്തിലേക്ക് അന്വേഷണം നീണ്ടു.
പത്തനംതിട്ട സ്വദേശിയായ മൊത്തക്കച്ചവടക്കാരനാണ് പ്രതിയെന്ന് മനസ്സിലാക്കി. ഇതോടെ ഇയാളെ പിടികൂടാനുള്ള നീക്കം തുടങ്ങി.
വലവിരിച്ച് പോലീസ്
തിരുവല്ല സ്വദേശി വരുൺദാസാണ് മൊത്തക്കച്ചവടക്കാരനെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഫോൺ ഉപയോഗം പരമാവധി കുറച്ചും വിളികൾ വാട്സാപ്പിൽ മാത്രം നടത്തുകയും ചെയ്യുന്ന വരുണിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇതിനായി ‘ഓപ്പറേഷൻ വരുൺ’ എന്ന ദൗത്യത്തിനുതന്നെ തുടക്കംകുറിച്ചു.
പോലീസിന്റെ നിരീക്ഷണം തുടരുന്നതിനിടെ കലൂർ ഭാഗത്തെ ഹോട്ടലിൽനിന്ന് എംഡിഎംഎയുമായി പറവൂർ സ്വദേശി സിദ്ദിഖും 18-കാരി പെൺസുഹൃത്തും എക്സൈസിന്റെ പിടിയിലായി. ഇവർക്ക് ലഹരി എത്തിച്ചുനൽകുന്നവരിലേക്ക് എക്സൈസ് അന്വേഷണം നീണ്ടു.
ചോദ്യംചെയ്യലിൽ പത്തനംതിട്ട, തിരുവല്ല സ്വദേശിയായ വരുൺദേവാണ് ലഹരി എത്തിച്ചുനൽകുന്നതെന്ന് മനസ്സിലാക്കി. ഇവരെ പിടികൂടിയ അന്നുതന്നെ വരുൺ കൊച്ചിയിൽ ഒരു ഡീൽ ഉറപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ എക്സൈസ് സംഘം, ഇവരെ പിടികൂടാൻ ശ്രമം തുടങ്ങി.
കോട്ടയം ഭാഗത്തുനിന്നും വൈറ്റില ഭാഗത്തേക്ക് ഒരു ജീപ്പിൽ വരുൺദേവും സംഘവും വരുന്നുണ്ടെന്ന് മനസ്സിലാക്കി ടീം, കാത്തുനിന്നു. വൈറ്റില ജങ്ഷനിൽ വെച്ച് വാഹനം സാഹസികമായി പിന്തുടർന്ന് വരുണിനെ പിടികൂടി. പരിശോധിച്ചതിൽ ജീപ്പിന്റെ സ്റ്റിയറിങ്ങിന്റെ അടിയിലായി സൂക്ഷിച്ചിരുന്ന 232 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു.
വരുണിന്റെ സുഹൃത്തും വാഹനത്തിലുണ്ടായിരുന്നു. ഇരുവരും അറസ്റ്റിലായി. വിശദമായ ചോദ്യംചെയ്യലിലാണ് പോലീസ് സംഘം തിരയുന്ന വരുണിനെയാണ് തങ്ങൾ പിടികൂടിയതെന്ന് എക്സൈസും മനസ്സിലാക്കിയത്.
ഇയാളുടെ 30 ലക്ഷം രൂപ വിലവരുന്ന വാഹനം പിടിച്ചെടുത്തിട്ടുണ്ട്. ആഡംബര കാറും എറണാകുളത്ത് ഫ്ലാറ്റുകളും ഇയാൾക്കുണ്ടെന്ന് വ്യക്തമായി. പലപ്പോഴും അഭിഭാഷകൻ എന്ന വ്യാജേനയാണ് ആളുകളെ പരിചയപ്പെട്ടിരുന്നത്.
കോടികളുടെ ഇടപാട്
ബെംഗളൂരുവിൽ ഗ്രാമിന് 1500-2000 രൂപ വിലയുള്ള എംഡിഎംഎ പാകിസ്താൻ അതിർത്തിയിൽനിന്ന് ഗ്രാമിന് 500 രൂപ നിരക്കിലാണ് വരുൺ എത്തിച്ചിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കുന്നു. കേരളത്തിൽ ഗ്രാമിന് 4000 രൂപയ്ക്കാണ് വിൽക്കുന്നത്.
വൻകിട ഇടപാടുകൾ മാത്രം നടത്തുന്ന ഇവർ 100 ഗ്രാമിന് മുകളിലുള്ള ഓർഡറുകൾ മാത്രമേ സ്വീകരിക്കാറുള്ളൂ. ഇത്തരത്തിൽ കോടികളാണ് സമ്പാദിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഇയാളുടെ ഇടനിലക്കാരൻ കെവിൻ കൈകാര്യംചെയ്ത ബാങ്ക് അക്കൗണ്ടിലൂടെ മാത്രം 14 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.
വിതരണത്തിന് പെൺകുട്ടികളും
പഠനാവശ്യത്തിനായി നഗരങ്ങളിലെത്തുന്ന 18-ഉം 20-ഉം വയസ്സുള്ള വിദ്യാർഥിനികളെ വലയിൽവീഴ്ത്തിയാണ് സംഘം വിതരണത്തിനുള്ള ആളുകളെ കണ്ടെത്തുന്നത്. പണം നൽകിയും ലഹരിക്ക് അടിമപ്പെടുത്തിയുമാണ് ഇവരെ കൂടെക്കൂട്ടുന്നതായി എക്സൈസ് അന്വേഷണത്തിൽ വ്യക്തമായി. പരിശോധനകളിൽനിന്ന് രക്ഷപ്പെടാതിരിക്കാനാണ് ഇൗ തന്ത്രം.
Content Highlights: A drug bust in Kochi led to the arrest of multiple individuals, including key figures like Kevin Mathew and Varun Das, involved in MDMA and ecstasy distribution. The investigation revealed a large-scale drug operation with transactions worth crores, involving a network that included students as distributors.