ഡ്രൈവിങ് ടെസ്റ്റ് പാസാക്കാൻ കൈക്കൂലി; ചേർത്തലയിൽ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

ചേർത്തല: ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനായി ഏജന്റുവഴി കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ. ചേർത്തല ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി. ബിജുവാണ് വിജിലൻസ് പിടിയിലായത്. പരാതിക്കാരനിൽ നിന്നും പണം വാങ്ങി ബിജുവിന് കൈമാറിയ ഏജന്റ് ജോസും പിടിയിലായിട്ടുണ്ട്. ഇരുവരേയും കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
വെള്ളിയാഴ്ച വൈകീട്ട് 5.50-ഓടെ ബിജു താമസിക്കുന്ന ചേർത്തല എക്‌സറേ കവലയിലെ വീട്ടിൽ വെച്ചാണ് സംഭവം. കൈക്കൂലിയായി കൈമാറിയ 2500 രൂപയ്ക്കൊപ്പം വീട്ടിൽ നടത്തിയ പരിശോധനയിൽ 11000 രൂപയും സംഘം പിടിച്ചെടുത്തു. കോട്ടയം ഈസ്‌റ്റേൺറേഞ്ച് വിജിലൻസ് എസ്.പി ആർ.ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തണ്ണീർമുക്കം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യ നടത്തുന്ന ഡ്രൈവിങ് സ്‌കൂളിൽ പഠിച്ചവർക്ക് ലൈസൻസ് നൽകുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്.
ഇരുചക്രവാഹന ലൈസൻസിന് 300 രൂപയും നാലുചക്ര വാഹനങ്ങളുടെ ലൈസൻസിന് 400 രൂപയും ബിജു ഏജന്റുമാരിൽ നിന്ന് നിർബന്ധിച്ചു വാങ്ങിയിരുന്നുവെന്നാണ് പരാതി. കൈക്കൂലി തുക നൽകാത്ത സ്‌കൂളുകാർ എത്തിക്കുന്നവരെ മനപ്പൂർവ്വം തോൽപ്പിക്കുമായിരുന്നുവെന്നും ഇക്കാരണത്താൽ ഒട്ടുമിക്കവരും പണം നൽകിയിരുന്നതായുമാണ് വിവരം.
ജനുവരി ഒൻപതിന് മുഹമ്മയിൽ നടന്ന ടെസ്റ്റിൽ പാസാക്കിയ അഞ്ച് അപേക്ഷകരുടെ ലൈസൻസിനുള്ള തുകയായ 2500 രൂപ ബിജുവിന്റെ ഏജന്റായി പ്രവർത്തിക്കുന്ന ജോസിനെ ഏൽപ്പിക്കണമെന്ന് ബിജു നിർദേശിച്ചിരുന്നു. ഈ വിവരം പരാതിക്കാരൻ, വിജിലൻസ് എസ്.പിക്കു കൈമാറുകയായിരുന്നു. ഇതിനെ തുടർന്നാണ് സംഘം കെണിയൊരുക്കിയത്. ബിജുവിന്റെ നിർദേശപ്രകാരം പരാതിക്കാരനിൽ നിന്നും ഏജന്റ് ജോസ് വാങ്ങിയ 2500 രൂപ വീട്ടിലെത്തി കൈമാറവേയാണ് ഇരുവരെയും പിടികൂടിയത്.
പത്തനംതിട്ട നെടുമ്പ്രം സ്വദേശിയായ ബിജു വർഷങ്ങളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴ വിജിലൻസ് യൂണിറ്റിലെ ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്. ഇൻസ്പെക്ടർമാരായ പ്രശാന്ത്കുമാർ, നാസാമുദ്ദീൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Content Highlights: diving licence test bribe mvd inspector arrested