നായയെ കാറിൽ കൊണ്ടിറക്കി, പിന്നാലെ ഇടിച്ചുകൊന്നു; ദാരുണസംഭവം ആറ്റിങ്ങലിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നായയെ കാറിൽ കൊണ്ടിറക്കി ഇതേ വാഹനം ഉപയോഗിച്ച് ഇടിച്ചുകൊന്ന് വാഹനം നിർത്താതെ പോയി. ആറ്റിങ്ങൽ കാട്ടുംപുറത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഈ സമയം ബൈക്കിൽ വരികയായിരുന്ന യുവാക്കളാണ് നായയെ കാർ കയറ്റി കൊല്ലുന്നത് കണ്ടത്. ഇവർ ബഹളം ഉണ്ടാക്കിയെങ്കിലും കാർ നിർത്താതെ പോയി. തുടർന്ന് നാട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതേ കാറിലാണ് ഈ നായയെ കൊണ്ടുവന്ന് ഇവിടെ ഇറക്കിവിട്ടതെന്ന് കണ്ടെത്തിയത്.
കാർ അട്ടക്കുളത്തിന് സമീപത്ത് നിർത്തുന്നതും കാറിന്റെ ഡോർ തുറന്നു നായയെ പുറത്തിറക്കി ഇറക്കി വിടുന്നതും ദൃശ്യങ്ങളിലുണ്ട്. കാർ തിരിഞ്ഞു പോകുമ്പോൾ നായ പിന്നാലെ ചെന്നപ്പോഴാണ് കാർ പിന്നോട്ടെടുത്ത് നായയെ ഇടിച്ച് കൊന്നത്. വാഹനത്തിന്റെ ടയർ പലതവണ നായയുടെ ദേഹത്ത് കയറ്റി ഇറക്കിയതായാണ് സംശയം. ദുരൂഹമായ ഈ സംഭവത്തിന് പിന്നിൽ എന്താണ് കാരണം എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Content Highlights: A dog was abandoned from a car in Attingal, Kattumpuram., The vehicle intentionally reversed and ran over the dog multiple times., Bikers witnessed the incident and raised an alarm., CCTV evidence confirms the vehicle abandoned the dog before the killing., Police investigation is underway regarding the motive.