'എന്നെപ്പോലെ നിങ്ങളും വഞ്ചിതരാകരുത്'; ബിഗ് ബോസിൽ അവസരം വാഗ്ദാനംചെയ്തു, ഡോക്ടർക്ക് നഷ്ടമായത് 10 ലക്ഷം

പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

മുംബൈ: പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പ്രവേശനം നൽകാമെന്ന് പറഞ്ഞ് ഭോപ്പാൽ സ്വദേശിയായ ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു. ത്വക്ക് രോഗ വിദഗ്ധനായ അഭിനീത് ഗുപ്ത എന്നയാളാണ് തട്ടിപ്പിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഭിനീതിന്റെ പരാതിയിൽ ഓഷിവാര പോലീസ് എഫ്ഐആർ ഫയൽ ചെയ്തു . നേരത്തെ, ഭോപ്പാൽ പോലീസിലും അഭിനീത് പരാതി നൽകിയിരുന്നു.

മുംബൈയിൽ അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് അഭിനീത് തനിക്ക് സംഭവിച്ച അമളിയെക്കുറിച്ച് വ്യക്തമാക്കിയത്. 2022-ൽ കരൺ സിങ് എന്നൊരാൾ ബിഗ് ബോസിൽ പങ്കെടുക്കാൻ തന്നെ പ്രേരിപ്പിച്ചതായി ഡോക്ടർ വെളിപ്പെടുത്തി. ഷോയുടെ നിർമാതാക്കളുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് അയാൾ തന്നെ കബളിപ്പിച്ചതെന്ന് ഡോക്ടർ പറഞ്ഞു. 

'ഒരു കോടി രൂപ നൽകണം എന്നാണ് കരൺ ആദ്യം എന്നോട് ആവശ്യപ്പെട്ടത്. എന്നാൽ അത്രയും പണം എന്റെ കൈവശമില്ലെന്ന് പറഞ്ഞതോടെ അയാൾ മുംബൈയിലേക്ക് തിരികെ പോയി. പിന്നാലെ, അവിടെ നിന്ന് അയാളുടെ സഹപ്രവർത്തകരോട് എന്നെക്കൊണ്ട് സംസാരിപ്പിച്ചു. തുക അവർ 60 ലക്ഷം ആക്കി കുറച്ചു,' അഭിനീത് പറയുന്നു. 

'അതിനുശേഷമാണ് പണം നേരിട്ട് നൽകണം എന്ന് ആവശ്യപ്പെട്ട് കരൺ എന്നെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയത്. എന്നിട്ട് എൻഡമോൾ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റായ ഹരീഷ് ഷായുമായി ഒരു കൂടിക്കാഴ്ച ഏർപ്പാടാക്കി. അതിനുശേഷമാണ് ഞാൻ കരണിന് 10 ലക്ഷം രൂപ കൈമാറിയത്,' അഭിനീത് പറഞ്ഞു. 

എന്നാൽ, ബിഗ് ബോസ് സീസൺ 16-ലെ മത്സരാർഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിൽ അഭിനീതിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് കരണിനോട് ചോദിച്ചപ്പോൾ, വൈൽഡ് കാർഡ് എൻട്രിയായി ഷോയുടെ മധ്യത്തിൽ പ്രവേശിക്കാമെന്നാണ് അയാൾ പറഞ്ഞത്. എന്നാൽ അതുണ്ടായില്ല. സീസൺ അവസാനിച്ചതിന് ശേഷം, കരണിനോട് ചോദിച്ചപ്പോൾ, അടുത്ത സീസണിൽ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞു. 

എന്നാൽ അടുത്ത സീസണിലും ഒന്നും സംഭവിച്ചില്ല. 'സീസൺ 17-ഉം അവസാനിച്ചപ്പോൾ, ഞാൻ കരണിനോട് ഞാൻ കൊടുത്ത പണം തിരികെ ചോദിച്ചു. എന്നാൽ അയാൾ ഓരോ കാരണങ്ങൾ പറഞ്ഞ് എന്നെ ഒഴിവാക്കി. ഒടുവിൽ, ഞാൻ പരാതി നൽകാൻ പോലീസിനെ സമീപിച്ചു. അവിടെയും കാര്യങ്ങൾ ഒരുപാട് വൈകി. ഏകദേശം രണ്ട് വർഷത്തിന് ശേഷം വളരെ പ്രയാസപ്പെട്ടാണ് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യിപ്പിക്കാൻ പോലും എനിക്ക് സാധിച്ചത്,' അഭിനീത് പറഞ്ഞു.

വഞ്ചനാക്കുറ്റത്തിന് ഐപിസി സെക്ഷൻ 420 പ്രകാരമാണ് പോലീസ് ഇപ്പോൾ കരണിനെതിരെ കേസെടുത്തിരിക്കുന്നത്. ഇനി ആരും തന്നെപ്പോലെ വഞ്ചിക്കപ്പെടരുതെന്നും, കരണിനെപ്പോലെ ഉള്ളവരെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും അഭിനീത് പറഞ്ഞു. ഈ ഉദ്ദേശ്യത്തിലാണ് താൻ ഒരു പത്രസമ്മേളനം വിളിച്ച് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത് എന്നും അഭിനീത് വ്യക്തമാക്കി. 

Content Highlights: doctor lost 10 lakh rupees to a scammer who promised him a spot on bigg boss crime news