'എന്റെകൂടെ ഏറ്റവുംകൂടുതൽ സിനിമചെയ്തിട്ടുള്ള കുട്ടിയാണ്..’; അന്ന് ദിലീപ് പ്രസംഗിച്ചു, പിന്നാലെ കേസില്‍ അകത്ത്

കൊച്ചി: 2017 ഫെബ്രുവരി 17- കേരളം നടുങ്ങിയ ദിവസമായിരുന്നു അത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും കേട്ട് കേരളം ഞെട്ടി. എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തെ നടുക്കിയ കേസില്‍ കോടതി വിധിപറയുകയാണ്. ഡിസംബര്‍ എട്ട് തിങ്കളാഴ്ചയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ വിധി പറയുന്നത്.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ് ആണ് കേസിലെ ഒന്നാംപ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലീം (വടിവാള്‍ സലീം), പ്രദീപ്, ചാര്‍ലി തോമസ് എന്നിവര്‍ രണ്ടുമുതല്‍ ഏഴുവരെയുള്ള പ്രതികളാണ്. പി. ഗോപാലകൃഷ്ണന്‍ എന്ന നടന്‍ ദിലീപ് ആണ് കേസിലെ എട്ടാം പ്രതി. സനില്‍കുമാര്‍ (മേസ്തിരി സനില്‍), ജി. ശരത് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍.
നടിയെ ആക്രമിച്ച സംഘത്തിലുള്ളവര്‍ സംഭവം നടന്നതിന് പിന്നാലെ പോലീസിന്റെ പിടിയിലായെങ്കിലും നടന്‍ ദിലീപ് കേസില്‍ അറസ്റ്റിലാകുന്നത് മൂന്നുമാസത്തിന് ശേഷമായിരുന്നു. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലാണ് 2017 ജൂലായ് 10-ന് ദിലീപ് അറസ്റ്റിലായത്. മലയാളസിനിമയിലെ പ്രമുഖ താരമായ ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചന നടത്തിയതെന്നുമെന്ന പോലീസിന്റെ കണ്ടെത്തല്‍ കേരളത്തെ ഞെട്ടിച്ചു. ഏകദേശം മൂന്നുമാസത്തോളമാണ് ദിലീപ് ജയിലില്‍ കിടന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിറ്റേന്ന് താരസംഘടനയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ദിലീപും പങ്കെടുത്തിരുന്നു. വളരെ ഷോക്കിങ് ആയിട്ടുള്ള വാര്‍ത്തയെന്നാണ് ദിലീപ് അന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. നടിയെ ആക്രമിച്ച സംഭവത്തില്‍ പിന്നീട് ദിലിപീന്റെ പങ്ക് വെളിപ്പെട്ടതും ദിലീപ് കേസില്‍ അറസ്റ്റിലായതുമെല്ലാം സിനിമാലോകത്തെയും കേരളത്തെയും ഒന്നടങ്കം ഞെട്ടിച്ചു.
ഫെബ്രുവരി 19-ന് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ യോഗത്തില്‍ ദിലീപ് പ്രസംഗിച്ചത് ഇങ്ങനെ:-
''പ്രിയമുള്ളവരേ, ഇന്നലെ രാവിലെ ആന്റോ വിളിച്ചുപറയുമ്പോളാണ് വളരെ ഷോക്കിങ്ങായിട്ടുള്ള ഈ വാര്‍ത്ത അറിയുന്നത്. എന്റെകൂടെ ഏറ്റവും കൂടുതൽ സിനിമചെയ്തിട്ടുള്ള കുട്ടി കൂടിയാണ്. ശരിക്കുപറഞ്ഞാല്‍ നമ്മള്‍ ഉടനെ നമ്മുടെ വീടിന്റെ അകത്തേക്ക് തന്നെയാണ് നോക്കിപോകുന്നത്. വളരെ ഭയക്കുന്നത്. ഇത് സിനിമയില്‍ സംഭവിച്ചു എന്നതിനെക്കാള്‍ അപ്പുറം നമ്മുടെ നാട്ടില്‍ സംഭവിച്ചു എന്നതാണ് ഏറ്റവും ദാരുണമായ, നമ്മളെ വിഷമിപ്പിക്കുന്ന ഒന്ന്. സത്യസന്ധമായ രീതിയിലാണ് പോലീസ് അതിന്റെ അന്വേഷണമെല്ലാം മുന്നോട്ടുകൊണ്ടുപോകുന്നത്. എല്ലാവരും വളരെ സജീവമായി ഇതിന്റെ പിന്നിലുള്ള ആളുകളുടെ പിറകെത്തന്നെയുണ്ട്. മീഡിയക്കാരോട് പ്രത്യകിച്ച് പറയാനുള്ളത്, വാര്‍ത്തകള്‍ വളച്ചൊടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത് സിനിമയില്‍ സംഭവിച്ചു എന്ന് പറയുമ്പോള്‍ അതില്‍ ഇത്രയും കൂട്ടായ്മയുണ്ടായി. പക്ഷേ, നമ്മുടെ ഒരു സാധാരണക്കാരന്റെ വീട്ടില്‍ നടക്കുന്ന സംഭവമായി എടുത്ത്, ഇനി ഈ നാട്ടില്‍ ഇത് സംഭവിക്കാതിരിക്കാന്‍, അതിനുവേണ്ടി നമുക്ക് ഒരുമിച്ച് കൂട്ടായിട്ട് നില്‍ക്കാം. അതിന്റെ ഭാഗത്ത് ഞാനും ഉണ്ടാകും എന്ന് ഉറപ്പിച്ച് പറയുന്നു. മമ്മൂക്ക വിളിച്ചപ്പോള്‍ എല്ലാവരും ഇവിടെ ഓടിവരികയുണ്ടായി. മലയാള സിനിമാ കുടുംബത്തിലെ ഒരു അംഗത്തിന് സംഭവിച്ചു എന്നതിനെക്കാള്‍ അപ്പുറം കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ല എന്ന ഉറച്ച തീരുമാനത്തോടെ, എല്ലാത്തിനും എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാകുമെന്ന ഉറച്ചവിശ്വാസത്തോടെ, വന്നിരിക്കുന്ന എല്ലാവര്‍ക്കും എല്ലാ ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ട്, നന്ദി.''
Content Highlights: Explore Dileep`s 2017 speech at a solidarity rally for the actress, where he called the attack `shocking` and expressed solidarity, months before his arrest.