ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തകയെ വെടിവെച്ച് കൊന്ന കേസിൽ വിധി ഇന്ന്; കൃത്യം നടന്നിട്ട് 15 വർഷം

സൗമ്യ വിശ്വനാഥന്‍ | Photo Courtesy: twitter.com/snehamordani
സൗമ്യ വിശ്വനാഥന്‍ | Photo Courtesy: twitter.com/snehamordani

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. കൃത്യംനടന്ന് 15 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയിലെ സാകേത് കോടതി കേസില്‍ വിധി പറയുന്നത്. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി, അജയ്കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 

2008 സെപ്റ്റംബര്‍ 30-നാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ 'ഹെഡ്‌ലൈന്‍സ് ടുഡേ' ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹപരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി. 

കൃത്യംനടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് കേസിലെ പ്രതികളെ പോലീസ് പിടികൂടിയത്. 2009 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ രവി കപൂര്‍, അമിത് ശുക്ല എന്നിവര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് 2008-ല്‍ സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയതും തങ്ങളാണെന്ന് പ്രതികള്‍ വെളിപ്പെടുത്തിയത്. 

സംഭവദിവസം മെറൂണ്‍നിറത്തിലുളള കാര്‍ സൗമ്യയുടെ വാഹനത്തെ പിന്തുടര്‍ന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സൗമ്യയെ പിന്തുടര്‍ന്ന ഈ കാര്‍ ജിഗിഷ കൊലക്കേസില്‍ പിടിയിലായ പ്രതികളുടേതാണ് അന്വേഷണത്തില്‍ തെളിഞ്ഞു. ഓടുന്ന കാറില്‍നിന്നാണ് യുവതിക്ക് നേരേ പ്രതികള്‍ വെടിയുതിര്‍ത്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

കവര്‍ച്ചയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി എന്നീ പ്രതികള്‍ 2009 മുതല്‍ കസ്റ്റഡിയിലാണ്. ഇവരുടെപേരില്‍ മോക്ക (മഹാരാഷ്ട്ര സംഘടിതകുറ്റകൃത്യ നിയമം) പ്രകാരമാണ് കേസെടുത്തത്.

2010-ല്‍ ഡല്‍ഹി പോലീസ് പ്രതികള്‍ക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2010 നവംബര്‍ 16-ന് കേസിന്റെ സാകേത് കോടതിയില്‍ വിചാരണ ആരംഭിച്ചു. 2016 ജൂലായ് 19-നാണ് കേസിന്റെ വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിവിധ നിയമപ്രശ്‌നങ്ങള്‍ കാരണം കേസിന്റെ വിധി പറയുന്നത് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു. 

ഐ.ടി. ജീവനക്കാരി ജിഗീഷ ഘോഷിനെ 2009-ല്‍ വധിച്ച കേസില്‍ രവി കപൂര്‍, മാലിക്, അമിത് ശുക്ല എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. ജിഗിഷ കൊലക്കേസില്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തതാണ് സൗമ്യാ വിശ്വനാഥന്റെ കേസന്വേഷണത്തില്‍ വഴിത്തിരിവായത്. കപൂറിനും ശുക്ലയ്ക്കും വിചാരണക്കോടതി ഈ കേസില്‍ വധശിക്ഷയും മാലിക്കിന് ജീവപര്യന്തവും 2017-ല്‍ വിധിച്ചു. എന്നാല്‍, അടുത്തവര്‍ഷം കപൂറിന്റെയും ശുക്ലയുടെയും വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു.

Content Highlights: delhi malayali woman journalist soumya vishwanathan murder case