ഡൽഹിയിൽ വൻ കവർച്ച; ബൈക്കിലെത്തിയ സംഘം തോക്ക് ചൂണ്ടി കവർന്നത് ഒരു കോടി രൂപ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ന്യൂഡൽഹി: ഡൽഹിയിൽ തോക്ക് ചൂണ്ടി ഒരു കോടി രൂപ കവർന്നു. സെൻട്രൽ ഡൽഹിയിലെ ഐടിഒയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഒരു ബിസിനസുകാരന്റെ ജീവനക്കാരിൽനിന്നാണ് പണം കവർന്നത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ബൈക്കിലെത്തിയ രണ്ടുപേർ തടയുകയും തുടർന്ന് തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയശേഷം പണമടങ്ങിയ ബാഗ് കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു.

മൂന്ന് കോടി രൂപയുമായാണ് ബിസിനസുകാരന്റെ ജീവനക്കാർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്. ഇതിൽ ഒരു കോടി രൂപ അടങ്ങിയ ബാഗാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്തു. ദരിയാഗഞ്ച് പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രതികളെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഇത്രയും വലിയ തുക ജീവനക്കാർ എന്തിനാണ് കൊണ്ടുപോയത്, പണം കൊണ്ടുപോയ ഓട്ടോറിക്ഷ സഞ്ചരിച്ച വഴി തുടങ്ങിയ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നതായാണ് വിവരം.

Content Highlights: Bike-borne robbers looted Rs 1 crore at gunpoint near ITO in Central Delhi. The armed assailants intercepted an auto-rickshaw carrying employees transporting Rs 3 crore, snatched a bag containing Rs 1 crore, and fled the scene.