ബലാത്സംഗത്തിനിരയായത് പിറന്നാൾദിനത്തിൽ, കഴുത്തിൽ കത്തിവെച്ചശേഷം ഉപദ്രവിച്ചു- ഡൽഹിയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടി

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഡൽഹിയിൽ ആൺസുഹൃത്തിനൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ പതിനേഴുകാരി സമീപത്തെ പാർക്കിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റെ ജന്മദിനത്തിലായിരുന്നു ആക്രമണം നടന്നതെന്നും കഴുത്തിൽ കത്തിവെച്ച ശേഷമായിരുന്നു അക്രമികൾ ബലാത്സംഗം ചെയ്തതെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുള്ളതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

ജന്മദിനത്തിൽ ആൺസുഹൃത്തിനൊപ്പം ആദ്യം കൽക്കാജി ക്ഷേത്രത്തിലും പിന്നീട് ഇസ്‌കോൺ ക്ഷേത്രത്തിലും ദർശനം നടത്താനായിരുന്നു കരുതിയിരുന്നതെന്ന് പെൺകുട്ടിയുടെ മൊഴിയിലുണ്ട്. വൈകുന്നേരം അഞ്ചുമണിയോടെ വീട്ടിൽനിന്ന് ഓട്ടോയിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അഞ്ചേമുക്കാലോടെ ക്ഷേത്രത്തിലെത്തി. വൈകുന്നേരം ഏഴുമണിവരെ ക്ഷേത്രപരിസരത്ത് ചെലവഴിച്ചു. കൽക്കാജി മെട്രോ സ്‌റ്റേഷൻ പരിസരത്തുനിന്ന് ചിപ്‌സും വെള്ളവും വാങ്ങുകയും ചെയ്തു. തുടർന്ന് ഇവർ ഇരുവരും ആസ്താകുഞ്ച് പാർക്കിലേക്ക് പോയി. ചിപ്‌സ് അവിടിരുന്ന് കഴിച്ചശേഷം ഇസ്‌കോൺ ക്ഷേത്രത്തിലേക്ക് പോകാമെന്നായിരുന്നു കരുതിയിരുന്നതെന്ന് പെൺകുട്ടി പോലീസിന് മൊഴിനൽകി.

പെൺകുട്ടിയും സുഹൃത്തും പാർക്കിൽ കടന്ന് കുറച്ചുസമയത്തിനകം മുപ്പതിനും 35-നും ഇടയിൽ പ്രായമുള്ള മൂന്നുപേർ അവിടേക്ക് വരികയും ആൺസുഹൃത്തിനെ പിടിച്ച് മുഖത്തടിക്കുകയും ചെയ്തു. ആരാണെന്ന് നിങ്ങളെന്ന് ചോദിച്ചപ്പോൾ പോലീസുകാരാണെന്ന് ആയിരുന്നു മറുപടി. എന്തിന് ഇവിടേക്ക് വന്നെന്നും ഇവിടെ വരാൻപാടില്ലെന്നും അവർ പറഞ്ഞതായി പെൺകുട്ടി കൂട്ടിച്ചേർത്തു. തുടർന്ന് പ്രതികളിലൊരാൾ ആൺസുഹൃത്തിനെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെയും ആൺസുഹൃത്തിന്റെയും മൊബൈൽ ഫോണുകളും പ്രതികൾ കൈക്കലാക്കി. തുടർന്ന് കുറ്റിക്കാടുകൾ നിറഞ്ഞ ഭാഗത്തേക്ക് പോകാൻ ആവശ്യപ്പെട്ടു, പെൺകുട്ടി പറഞ്ഞു.

ആസിഫ് എന്നു പേരുള്ള പ്രതി, തോക്ക് ഉയർത്തിക്കാണിക്കുകയും പിന്നീട് പ്രതികൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പാർക്കിലെ ഇരുട്ടുനിറഞ്ഞഭാഗത്തേക്ക് കൊണ്ടുപോയെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. കഴുത്തിൽ കത്തിവെച്ച് ആദ്യം ആസിഫാണ് ബലാത്സംഗം ചെയ്തത്. പിന്നീട് ഹേമു, ദീപു എന്നിവരും ബലാത്സംഗത്തിനിരയാക്കി.

ആക്രമണത്തിന് ശേഷം ആൺസുഹൃത്തിനെ പെൺകുട്ടിയുടെ അടുത്തെത്തിക്കുകയും ഫോണുകൾ ഇരുവർക്കും മടക്കിക്കൊടുക്കുകയും ചെയ്തു. സംഭവിച്ചത് ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നും ഉടൻ സ്ഥലംവിടാനും പ്രതികൾ പറഞ്ഞെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു. പാർക്കിന് പുറത്തെത്തിയശേഷം, ബലാത്സംഗത്തിനിരയായ കാര്യം പെൺകുട്ടി, ആൺസുഹൃത്തിനോടു പറഞ്ഞു. ആൺസുഹൃത്താണ് തുടർന്ന് പോലീസിൽ വിവരം അറിയിച്ചത്. അമർ കോളനി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: A 17-year-old girl was gang-raped in a park in Delhi after visiting temples with a male friend on her birthday; the attackers threatened her with a knife.