കാമുകനുമായി അയൽവാസിക്ക് വിവാഹം: പ്രതിശ്രുത വധുവിന്‌നേരെ യുവതിയുടെ ആസിഡ് ആക്രമണം,ഗുരുതര പരിക്ക്

#ക്രൈം ഡെസ്ക്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ന്യൂഡൽഹി: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 21 വയസ്സുകാരിക്ക് നേരെ അയൽക്കാരിയായ യുവതിയുടെ ആസിഡ് ആക്രമണം നടത്തി. ഏപ്രിൽ 19-ന് നടക്കാനിരുന്ന യുവതിയുടെ വിവാഹം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്രൂരകൃത്യം. മുഖത്തും ശരീരത്തിന്റെ മുകൾഭാഗത്തും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ യുവതിയുടെ കാഴ്ചശക്തി മങ്ങിയിട്ടുണ്ട്. സംഭവത്തിൽ 26 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഡൽഹിയിലെ ഇന്ദിരാ വിഹാർ പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇരയുടെ കുടുംബവുമായി വർഷങ്ങളായുള്ള ആത്മബന്ധമാണ് പ്രതിയായ യുവതിക്കുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുടുംബാംഗങ്ങൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീണ്ടും എത്തിയ ഇവർ, തനിക്ക് ഒരു കല്യാണത്തിന് പോകാനുണ്ടെന്നും കയ്യിൽ മൈലാഞ്ചി ഇട്ടുതരണമെന്നും ഇരയായ പെൺകുട്ടിയോട് അഭ്യർത്ഥിക്കുകയായിരുന്നു.

മൈലാഞ്ചി ഇട്ടുകൊണ്ടിരിക്കുന്നതിനിടയിൽ, തന്റെ ബാഗിലുള്ള കുപ്പിയിലെ ദ്രാവകം  നാരങ്ങാവെള്ളമാണെന്ന് പ്രതി പെൺകുട്ടിയെ വിശ്വസിപ്പിച്ചു. പെൺകുട്ടി ഭിത്തിയിൽ ചാരിയിരുന്ന സമയം നോക്കി പ്രതി പെട്ടെന്ന് കുപ്പിയിലെ ആസിഡ് പെൺകുട്ടിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. "ഇനി നീ ഇത് കുടിക്കൂ" എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണമെന്നു പെൺകുട്ടിയുടെ സഹോദരി വെളിപ്പെടുത്തി. ആസിഡ് വീണതോടെ പെൺകുട്ടിയുടെ വസ്ത്രങ്ങൾ കരിയുകയും ദേഹം പൊള്ളുകയും ചെയ്തു. നിലവിളിച്ചുകൊണ്ട് പെൺകുട്ടി പുറത്തേക്ക് ഓടി. നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ പിന്നാലെയെത്തി പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇരയായ പെൺകുട്ടിയുടെ പ്രതിശ്രുത വരനുമായി താൻ വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും അവരുടെ വിവാഹം നടക്കുന്നത് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി. പ്രതിശ്രുത വരനും പ്രതിയും തമ്മിൽ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ആക്രമിക്കപ്പെട്ട പെൺകുട്ടി.

സംഭവത്തിൽ  ഗോകുൽപുരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി കൃത്യമായ തെളിവുകൾ ശേഖരിച്ചു. അതേസമയം, പ്രതി കഴിഞ്ഞ പത്ത് വർഷമായി കടുത്ത വിഷാദരോഗത്തിന് ചികിത്സയിലാണെന്നും ഇടയ്ക്കിടെ നിയന്ത്രിക്കാനാവാത്ത രീതിയിൽ ദേഷ്യം പ്രകടിപ്പിക്കാറുണ്ടെന്നും അവരുടെ സഹോദരി പോലീസിനോട് പറഞ്ഞു. പ്രതിയുടെ മെഡിക്കൽ രേഖകൾ പരിശോധിച്ചുവരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ഡിസിപി ആശിഷ് മിശ്ര അറിയിച്ചു.

Content Highlights: A 26-year-old woman is arrested in Delhi for an acid attack on her neighbor ahead of her wedding.