സ്കൂട്ടറിലെത്തിയ ആളെ ആരുംശ്രദ്ധിച്ചില്ല, നാട്ടുകാരറിഞ്ഞത് മോഷ്ടാവ് സ്ഥലംവിട്ടശേഷം; നടുക്കുന്ന കവർച്ച

ചാലക്കുടിക്കടുത്ത് പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടന്ന ഫെഡറല്‍ ബാങ്ക് ശാഖയിലെ ജീവനക്കാരന്‍ തൃശ്ശൂര്‍ മേഖല ഡി.ഐ.ജി എച്ച് ഹരിശങ്കറിനോട് കാര്യങ്ങള്‍ പറയുന്നു
ചാലക്കുടിക്കടുത്ത് പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടന്ന ഫെഡറല്‍ ബാങ്ക് ശാഖയിലെ ജീവനക്കാരന്‍ തൃശ്ശൂര്‍ മേഖല ഡി.ഐ.ജി എച്ച് ഹരിശങ്കറിനോട് കാര്യങ്ങള്‍ പറയുന്നു

ചാലക്കുടി: ബാങ്ക് കൊള്ള നടന്നത് എറ്റവും തിരക്കുള്ള റോഡിൽ. തൊട്ടടുത്തുള്ള കടകളിലുള്ളവരും നാട്ടുകാരും വിവരമറിഞ്ഞതേയില്ല. മോഷ്ടാവ് പുറത്തേക്ക്‌ ഓടിരക്ഷപ്പെട്ടശേഷം ബാങ്ക് ജീവനക്കാർ പുറത്തിറങ്ങി പറഞ്ഞപ്പോഴാണ് വിവരമറിയുന്നതെന്ന് അടുത്തുള്ള തയ്യൽക്കടയുടമ അഞ്ജു പറഞ്ഞു. ഇവരുൾപ്പെടെ രണ്ട്‌ ജീവനക്കാർ അപ്പോൾ കടയിലുണ്ടായിരുന്നു. ആദ്യം വിശ്വസിക്കാനായില്ലെന്ന് അഞ്ജു പറഞ്ഞു.

അപ്പോഴേക്കും തൊട്ടടുത്ത സ്റ്റേഷനറിക്കടയിലും ചായക്കടയിലുമുണ്ടായിരുന്നവർ ഓടിക്കൂടി. പെട്ടെന്ന് വാർത്ത നാടുമുഴുവൻ പരന്നു.

നാട്ടുകാർ ബാങ്കിനു മുന്നിൽ തടിച്ചുകൂടി. അപ്പോഴേക്കും പോലീസും എത്തിയിരുന്നു. പോട്ട ചെറുപുഷ്പം പള്ളിക്കു മുമ്പിൽ നിരവധി സ്ഥാപനങ്ങളുള്ള സ്ഥലത്താണ് ഫെഡറൽ ബാങ്കിന്റെ ശാഖ സ്ഥിതിചെയ്യുന്നത്. ഇത്തരത്തിൽ ഒരു കൊള്ള അവിടെ നടന്നുവെന്നത് വിശ്വസിക്കാൻ ആദ്യം ആർക്കും കഴിഞ്ഞില്ല. ബാങ്കിനു മുന്നിലെ പാതയിലൂടെ നിരവധി വാഹനങ്ങളാണ് സ്ഥിരമായി കടന്നുപോകുന്നത്. അതിനാൽ സ്‌കൂട്ടറിലെത്തിയ ആളെ ആരും നിരീക്ഷിക്കാതെ പോയി.

സംസ്ഥാന അതിർത്തിയിൽ വ്യാപക പരിശോധന

പാലക്കാട്: തൃശ്ശൂർ പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലെ കവർച്ചയെത്തുടർന്ന് സംസ്ഥാനാതിർത്തിയായ വാളയാറിൽ വ്യാപകപരിശോധന. കവർച്ച നടത്തി രക്ഷപ്പെട്ട ബൈക്ക് യാത്രികൻ സംസ്ഥാനം വിടാനുള്ള സാധ്യത പരിഗണിച്ചാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വാളയാർ ടോൾപ്ലാസയിലും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മറ്റുമേഖലകളിലും പോലീസ് പരിശോധന ശക്തമാക്കിയത്.

വേലന്താവളം, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം ഭാഗങ്ങളിലും പരിശോധന നടന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ആരംഭിച്ച പരിശോധനയിൽ ബൈക്ക് യാത്രികരെയാണ് പ്രധാനമായും തടഞ്ഞത്. യാത്രികരുടെ കൈവശമുണ്ടായിരുന്ന ബാഗുകളുൾപ്പെടെ തുറന്നുപരിശോധിച്ചു. തിരിച്ചറിയൽരേഖകൾ നോക്കി ഉറപ്പുവരുത്തിയശേഷമാണ് പലർക്കും അതിർത്തി കടന്ന് പോകാൻ പോലീസ് അനുമതി നൽകിയത്. രാത്രി വൈകിയും അതിർത്തി മേഖലകളിൽ പരിശോധന തുടർന്നു.

Content Highlights: deatils of bank theft in chalakudy