സിദ്ധാർഥൻ നേരിട്ടത് ക്രൂരമർദനം; നാലിടത്ത് കൊണ്ടുപോയി മർദിച്ചു, ചവിട്ടി താഴെയിട്ടു

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റൽ, കോളേജിനു സമീപത്തുള്ള കുന്ന്, ഹോസ്റ്റലിന്റെ നടുമുറ്റം, ഡോർമെറ്ററി തുടങ്ങി നാലു സ്ഥലങ്ങളിൽ വെച്ചാണ് സിദ്ധാർഥനെ ക്രൂരമായി മർദിച്ചതെന്നാണ് കോളേജിലെ റാഗിങ് വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ബെൽറ്റുകൊണ്ട് ഒട്ടേറെത്തവണ മർദിച്ചു, ചവിട്ടി താഴെയിട്ടു. ഡോർമെറ്ററിയിലെ കട്ടിലിൽ ഇരുന്നപ്പോൾ അവിടെ വെച്ചും മർദിച്ചു. മുറിക്കകത്ത് കിടന്നുറങ്ങുകയായിരുന്ന മറ്റൊരു വിദ്യാർഥിയെ വിളിച്ചുണർത്തി. ഇങ്ങനെയായിരിക്കും സംഭവിക്കുക എന്ന് മുന്നറിയിപ്പുനൽകുന്ന രീതിയിൽ മർദിക്കുന്നത് കാണിച്ചുകൊടുത്തു.
സിദ്ധാർഥന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരെ ഭീഷണിപ്പെടുത്തി നിർബന്ധിച്ച് അടിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിക്കുകയും ചെയ്തു. പുറത്തുപറയരുതെന്ന് വിദ്യാർഥികളെ അക്രമിസംഘം ഭീഷണിപ്പെടുത്തി.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമർദനമാണ് നടന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. മൊഴിയെടുത്ത അധ്യാപകർപോലും സംഭവം കേട്ടതിന്റെ ഷോക്കിൽനിന്ന് മുക്തരായിട്ടില്ല. അത്രയ്ക്ക് നടുക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയതെന്നാണ് റിപ്പോർട്ട് തയ്യാറാക്കിയ സംഘം പറഞ്ഞത്.
സർവോദയ മണ്ഡലം അപലപിച്ചു
കോഴിക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ ദിവസങ്ങൾനീണ്ട ആൾക്കൂട്ടവിചാരണയ്ക്കും ക്രൂരമായ പീഡനത്തിനും ഇരയായി നെടുമങ്ങാട് സ്വദേശി സിദ്ധാർഥൻ മരിക്കാനിടയായ സംഭവത്തെ കേരള സർവോദയ മണ്ഡലം സംസ്ഥാന കമ്മിറ്റി അപലപിച്ചു.
ഹീനമായ ക്രിമിനൽ കുറ്റത്തിന് കാരണക്കാരായ കോളേജ് അധികൃതരെയും വിദ്യാർഥികളെയും ഒട്ടും വൈകാതെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. ബാലകൃഷ്ണൻ, സെക്രട്ടറി എച്ച്. സുധീർ എന്നിവർ ആവശ്യപ്പെട്ടു.
കൊലയാളികളെ സംരക്ഷിക്കുന്നു- കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ സി.പി.എം. സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സംഭവത്തിൽ എസ്.എഫ്.ഐ.യ്ക്ക് പങ്കില്ലെന്ന മന്ത്രി പി.രാജീവിന്റെ പ്രസ്താവന കേസ് അട്ടിമറിക്കാൻ വേണ്ടിയാണ്.
കോളേജ് ഡീനും വാർഡനും ഉൾപ്പെട്ട ജീവനക്കാർ പ്രതികളെ സഹായിച്ചിട്ടും അവർക്കെതിരേ നടപടിയെടുക്കാത്തത് ദുരൂഹമാണ്. എസ്.എഫ്.ഐ. ആഗോള ഭീകരവാദ സംഘടനകളെ മാതൃകയാക്കുകയാണ് - കെ.സുരേന്ദ്രൻ പറഞ്ഞു.
എം.എസ്.എഫ്. മാർച്ച് നടത്തും
കോഴിക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംഭവത്തിൽ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഓഫീസിലേക്ക് അഞ്ചിന് എം.എസ്.എഫ്. മാർച്ച് നടത്തും.
പോലീസിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ മാതാപിതാക്കൾ നിരാഹാരം അനുഷ്ഠിക്കുന്നതിന് ഐക്യദാഢ്യം അർപ്പിച്ച് എം.എസ്.എഫിന്റെ നേതൃത്വത്തിൽ വൈത്തിരി പോലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം നടത്തും.
പ്രതികൾക്ക് കൂട്ടുനിന്ന കോളേജ്ഡീൻ കാംപസിൽ തുടർന്നാൽ തെളിവുകൾ നശിപ്പിക്കപ്പെടും. അതിനാൽ ഡീനിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിലേക്കും എം.എസ്.എഫ്. മാർച്ച് നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ്, സംസ്ഥാന സെക്രട്ടറി പി.എ. ജവാദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു .
Content Highlights: death of Siddharthan-brutally beaten-Kerala Veterinary and Animal Sciences University