‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

മുംബൈ: ബോറിവ്‌ലിയിലെ ഹോട്ടലിൽ ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെ ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ യുവതി പോലീസ് പിടിയിലായി. ബോറിവ്‌ലി ഗൊരെയ് സ്വദേശിയായ മാൻസി അമിത് ആചാര്യ (36) എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്.
സെപ്റ്റംബർ 24-നാണ് മാൻസി ആചാര്യ രണ്ട് പുരുഷന്മാരും ഒരു കുട്ടിയുമൊത്ത് ബോറിവ്‌ലിയിലെ രാധാകൃഷ്ണ ഹോട്ടലിൽ ഭക്ഷണത്തിനായി എത്തിയത്. മൈസൂരു മസാല ദോശയാണ് ഇവർ ഓർഡർ ചെയ്തത്. ദോശയ്ക്കുള്ളിൽ ചെറിയൊരു ചത്ത എലിയെ കണ്ടെത്തിയതായി മാൻസി ആരോപിച്ചു.
ദോശ കഴിച്ച് തുടങ്ങിയശേഷം സഹോദരനാണ് ദോശയ്ക്കുള്ളിൽ എലിയെ കണ്ടതെന്നും തുടർന്ന് ഇയാൾ ഛർദിച്ചതായും മാനസി പറഞ്ഞു. തുടർന്ന് പരാതിക്കാരി ബോറിവ്‌ലി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തുടർന്ന് സെപ്റ്റംബർ 28-ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) ഹോട്ടലിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി.
ലൈസൻസ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ വീഡിയോ വീണ്ടും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കേസ് അവസാനിപ്പിക്കാൻ 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ ഉടമയ്ക്ക് ഫോൺ കോളുകൾ വരാൻ തുടങ്ങി. തുടർച്ചയായ ഫോൺ കോളുകൾ വന്നതിന് പിന്നാലെ ആറ് ലക്ഷം രൂപയ്ക്ക് കേസ് ഒത്തുതീർപ്പാക്കാമെന്ന ധാരണയിലെത്തുകയായിരുന്നു. ഇതിനോടകം ഒരുലക്ഷം രൂപ നൽകിയതായും ഹോട്ടലുടമ പറഞ്ഞു.
പണം നൽകിയതിന് പിന്നാലെ സെപ്റ്റംബർ 29-ന് ഹോട്ടൽ ഉടമ ബോറിവ്‌ലി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് തന്ത്രപരമായി കെണിയൊരുക്കുകയായിരുന്നു. പണത്തിന്റെ ബാക്കി തുകകൂടി വാങ്ങാനായി വിളിച്ചുവരുത്തിയപ്പോൾ യുവതിയെ പോലീസ് കൈയോടെ പിടികൂടി.
നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ബോറിവ്‌ലി പോലീസ് അറിയിച്ചു.