കൊടും കുറ്റവാളി മുങ്ങിയ സംഭവം; തമിഴ്‌നാട് പോലീസ് സംശയനിഴലില്‍, കൊണ്ടുവന്നത് വിലങ്ങണിയിക്കാതെ

വിയ്യൂര്‍: ഇരകളെ ആക്രമിച്ചശേഷം കവര്‍ച്ച നടത്തുന്ന കൊടുംകുറ്റവാളി തിരുനെല്‍വേലി സ്വദേശി ബാലമുരുകന്‍ ബൈക്കില്‍ ജില്ലയില്‍നിന്ന് രക്ഷപ്പെട്ടെന്ന് സൂചന. ചൊവ്വാഴ്ച രാത്രി പത്തുമണിക്ക് ശേഷം വിയ്യൂരിലെ ഒരു വീട്ടില്‍നിന്ന് ബൈക്ക് മോഷണം പോയിട്ടുണ്ട്. ഇതാണ് സംശയത്തിന് അടിസ്ഥാനം. കഴിഞ്ഞ വര്‍ഷം പോലീസിനെ കബളിപ്പിച്ച് ബാലമുരുകന്‍ രക്ഷപ്പെട്ടതും ഈ ഭാഗത്തെ ഒരു വീട്ടില്‍നിന്ന് മോഷ്ടിച്ച ബൈക്കിലായിരുന്നു.

വിയ്യൂര്‍ താണേങ്കാട്ടില്‍ വീട്ടില്‍ സുരേന്ദ്രന്റെ ബൈക്കാണ് മോഷണം പോയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതുസംബന്ധിച്ച് ബുധനാഴ്ച രാവിലെയാണ് സുരേന്ദ്രന്‍ പരാതി നല്‍കിയത്. ഇതോടെയാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത് ബൈക്കിലാണോയെന്ന സംശയം ബലപ്പെട്ടത്. മറ്റൊരു ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും ഇതു പരാജയപ്പെട്ടപ്പോഴാണ് സുരേന്ദ്രന്റെ വീട്ടിലെത്തിയതെന്നും സൂചനയുണ്ട്.

സംഭവത്തില്‍ തമിഴ്‌നാട് പോലീസ് സംശയത്തിന്റെ നിഴലിലാണ്. അന്വേഷണം വൈകിപ്പിച്ച് ഇയാള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയെന്നാണ് സംശയം. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് വിയ്യൂര്‍ ജയിലിന് മുന്‍പില്‍ ബാലമുരുകന്‍ ജയില്‍ വളപ്പിലേക്ക് മതില്‍ചാടി രക്ഷപ്പെട്ടത്. നാലുമണിക്കൂറിനു ശേഷമാണ് സംഭവം വിയ്യൂര്‍ പോലീസിനെ അറിയിച്ചത്.

തക്കസമയത്ത് പോലീസിനെ അറിയിച്ചിരുന്നെങ്കില്‍ ജയില്‍ വളപ്പിനുള്ളില്‍നിന്ന് രക്ഷപ്പെടുന്നത് തടയാമായിരുന്നു. ഒരുദിവസം വൈകി ബൈക്കിലാണ് ബാലമുരുകന്‍ രക്ഷപ്പെട്ടതെങ്കില്‍ ചൊവ്വാഴ്ച പകല്‍ മുഴുവന്‍ ബാലമുരുകന്‍ വിയ്യൂര്‍ പരിസരത്ത് ഉണ്ടായിരുന്നിട്ടുണ്ടാകും. എന്നിട്ടും പിടികൂടാന്‍ സാധിക്കാത്തതും അന്വേഷണത്തിന്റെ പിഴവിലേക്ക് വിരല്‍ ചൂണ്ടുന്നു.

പോലീസ് പരിശോധന ശക്തമായ സ്ഥലത്തുനിന്ന് ബൈക്ക് മോഷ്ടിക്കാന്‍ സാധിച്ചതെങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. ചൊവ്വാഴ്ച രാത്രി വരെ വിയ്യൂര്‍ പരിസരം മുഴുവന്‍ പോലീസ് ബാലമുരുകനെ തിരഞ്ഞിരുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ചും ബാലമുരുകനായി അന്വേഷണം നടക്കുന്നുണ്ട്. കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

ഇറക്കിയത് വിലങ്ങണിയിക്കാതെ

ബാലമുരുകനെ ഏറെദൂരവും വിലങ്ങണിയിക്കാതെയാണ് കൊണ്ടുവന്നതെന്നത് തമിഴ്‌നാട് പോലീസിനുമേലുള്ള സംശയത്തിന് ശക്തിപകരുന്നു. വിയ്യൂരില്‍ എത്തുന്നതിന് മുന്‍പ് ആലത്തൂരിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഈ സമയത്തും പ്രതിയുടെ കൈയില്‍ വിലങ്ങ് ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടിലെ ഒരു കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് വിയ്യൂരിലേക്ക് കൊണ്ടുവന്നത്. തമിഴ്‌നാട് മുതല്‍ വിലങ്ങില്ലാതെയാണ് ബാലമുരുകനെ കൊണ്ടുവന്നതെന്നാണ് കേരള പോലീസ് കരുതുന്നത്. മുന്‍പ് പോലീസിന്റെ കൈയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയായിട്ടു പോലും ലാഘവത്തോടെയാണ് കൊണ്ടുവന്നത്. ബാലമുരുകനെ ജയിലിന് മുന്‍പില്‍ ഇറക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. വെള്ളം വാങ്ങി നല്‍കാനാണ് ഇറക്കിയതെന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്.

Content Highlights: Major criminal escapes custody in Kerala. Tamil Nadu Police faces scrutiny for alleged negligence in handling the high-profile fugitive, Balmurugan. Details inside.