ജ്യൂസ് നൽകാൻ വൈകി, ജീവനക്കാരനെ ആക്രമിക്കാൻ ശ്രമം; SI-യെ കൈയേറ്റംചെയ്തു; CPM പ്രവർത്തകർക്കെതിരേ കേസ്

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

കഴക്കൂട്ടം: ജ്യൂസ് നൽകാൻ വൈകിയതിനു ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുകയും അതു തടയാനെത്തിയ കഴക്കൂട്ടം എസ്.ഐ.യ്ക്കു നേരേ കൈയേറ്റമുണ്ടാകുകയും ചെയ്ത സംഭവത്തിൽ നാല് സി.പി.എം. പ്രവർത്തകർക്കെതിരേ കേസെടുത്തു. സി.പി.എം. ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷാഹീദ് മാങ്കുഴി, എസ്.എഫ്.ഐ. ശ്രീകാര്യം മേഖല സെക്രട്ടറി നിതിൻ വിജയകുമാർ, ഡി.വൈ.എഫ്.ഐ. മേഖല ട്രഷറർ മനുകൃഷ്‍ണൻ, മുൻ എസ്.എഫ്‌.ഐ. സംസ്ഥാന കമ്മിറ്റി അംഗം ജോഷി എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കാര്യവട്ടം ജങ്ഷനു സമീപം പ്രവർത്തിക്കുന്ന കടയിൽ എത്തിയ സംഘം ജ്യൂസ് ആവശ്യപ്പെട്ടു. കടയിൽ തിരക്കായതിനാൽ ഇവർക്ക് ജ്യൂസ് നൽകാൻ വൈകി. തുടർന്ന് സംഘം ജീവനക്കാരനെ അസഭ്യം പറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതറിഞ്ഞു ഇവിടെയെത്തിയ കഴക്കൂട്ടം എസ്.ഐ. മിഥുൻ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് അക്രമികൾ ഓടിരക്ഷപ്പെട്ടു.

Content Highlights: case against cpm leader assault cop