CPM ഏരിയ സെക്രട്ടറി ഓഫീസ് ഉപകരണങ്ങൾ വിറ്റഴിച്ചു, ലക്ഷങ്ങളുടെ തട്ടിപ്പ് ആരോപണം -എം.വി. ഗോവിന്ദന് പരാതി

നെടുങ്കണ്ടം: സി.പി.എം. നെടുങ്കണ്ടം ഏരിയാ സെക്രട്ടറി വി.സി. അനിലിനെതിരേ സാമ്പത്തികത്തട്ടിപ്പ് ആരോപണവുമായി സ്വയംസഹായ സംഘം. കുഴിത്തൊളു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'യുവജ്യോതി എസ്.എച്ച്.ജി.' സ്വയംസഹായ സംഘത്തിലെ അംഗങ്ങളാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നൽകിയത്. സ്ഥാനമാനങ്ങളും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ആരോപണം. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള 'യുവ മൊബൈൽസ്' എന്ന സ്ഥാപനം 2019 ഓഗസ്റ്റ് എട്ടുമുതൽ പ്രതിമാസം 3,300 രൂപ വാടകയ്ക്ക് വി.സി. അനിൽ നടത്തിപ്പിനായി ഏറ്റെടുത്തിരുന്നു. സ്ഥാപനത്തിലുണ്ടായിരുന്ന 90,000 രൂപയുടെ സ്റ്റോക്ക് തുകയിൽ 55,000 രൂപ മാത്രമാണ് നൽകിയത്. ബാക്കി 35,000 രൂപ ഇനിയും നൽകാനുണ്ട്. കൂടാതെ 2020 ഫെബ്രുവരിക്കുശേഷം പ്രതിമാസ ലീസിനത്തിലുള്ള 1,62,000 രൂപ നൽകിയിട്ടില്ലെന്നും പരാതിയിൽ ആരോപിച്ചു.
സംഘാംഗങ്ങളുടെയൊ ഭാരവാഹികളുടെയൊ അറിവില്ലാതെ സ്ഥാപനത്തിലെ ഫർണിച്ചർ, കംപ്യൂട്ടർ, ഇൻവെർട്ടർ, സി.സി.ടി.വി., സർവീസ് ഉപകരണങ്ങൾ എന്നിവ അനിൽ കൈക്കലാക്കി വിറ്റതായും ആരോപിക്കുന്നു. മേഖലയിലെ ക്ഷീരസഹകരണ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന മിൽമ ഷോപ്പിയിലെ സെക്രട്ടറിയുമായി ചേർന്ന് മൂന്നുലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായും പരാതിയിലുണ്ട്. കൂടാതെ, കെട്ടിട ഉടമയിൽനിന്നുള്ള 25,000 രൂപയുടെ സെക്യൂരിറ്റി തുകയും, ഹാർഡ്‌വേർ കടയിൽനിന്ന് സംഘത്തിന്റെ പേരിൽ വാങ്ങിയ 10,000 രൂപയുടെ പ്ലമ്പിങ് സാമഗ്രികളും സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ഇത്തരത്തിൽ ആകെ 6.5 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഘത്തിനുണ്ടായിട്ടുള്ളത്.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 2026 ജൂൺ 23-ന് ഇടുക്കി ജില്ലാകമ്മിറ്റി അംഗം പി.എൻ. വിജയന് കത്ത് നേരിട്ട് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സംഘാംഗങ്ങൾ പറയുന്നു. തുടർന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാസെക്രട്ടറി സി.വി. വർഗീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രൻ എന്നിവർക്ക് പരാതി നൽകാൻ തീരുമാനിച്ചത്. രണ്ട് സി.പി.എം. ലോക്കൽ കമ്മിറ്റി അംഗങ്ങളും മൂന്ന് പ്രവർത്തകർ അടക്കം ഒൻപത് സംഘാംഗങ്ങളുമാണ് പരാതിയിൽ ഒപ്പുവെച്ചത്.