ശ്മശാനത്തിൽ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് സ്വർണം കവർന്നു; മൂന്നുപേർ അറസ്റ്റിൽ

കോയമ്പത്തൂർ: ശ്മശാനത്തിൽ മറവ് ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് അതിലുണ്ടായിരുന്ന മൂന്നര പവൻ മാലകവർന്ന കേസിൽ മൂന്നുപേരെ അറസ്റ്റുചെയ്തു.
ശൗരിപാളയം ഉടയംപാളയം സ്വദേശികളായ ശക്തിവേൽ, മണികണ്ഠൻ, കാർത്തികേയൻ എന്നിവരെയാണ് പീളമേട് പോലീസ് അറസ്റ്റുചെയ്തത്. പ്രദേശവാസിയായ കെ. വെങ്കടേഷിന്റെ പരാതിയിലാണ് കേസെടുത്തത്.
ജൂൺ ആറിന് വെങ്കടേഷിന്റെ അച്ഛൻ നാഗരാജ് മരിച്ചിരുന്നു. തുടർന്ന് ശൗരിപാളയത്തെ ശ്മശാനത്തിൽ മറവുചെയ്തു. നാഗരാജ് അണിഞ്ഞിരുന്ന സ്വർണമാല മൃതദേഹത്തിൽനിന്ന് അഴിച്ചുമാറ്റിയിരുന്നില്ല.
ജൂൺ 19-ന് ബന്ധുക്കൾ ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിൽപോയപ്പോൾ മൃതദേഹം മറവുചെയ്തഭാഗത്ത് മണ്ണുമാറ്റിയതായി കണ്ടെത്തി. സംശയംതോന്നിയ ബന്ധുക്കൾ ശ്മശാനപരിസരത്ത് രാത്രിയിൽ തങ്ങിയിരുന്ന കാർത്തികേയനെ ചോദ്യംചെയ്യുകയും മർദിക്കുകയുംചെയ്തപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സുഹൃത്തുക്കളായ ശക്തിവേൽ, മണികണ്ഠൻ എന്നിവർക്കൊപ്പം മൃതദേഹം പുറത്തെടുത്ത് മാല പൊട്ടിച്ചെടുത്തതായും പൂ മാർക്കറ്റ് ഭാഗത്തെ കടയിൽ മാലവിറ്റതായും പറഞ്ഞെന്നു ബന്ധുക്കൾ പറഞ്ഞു. ഉടൻ ഇവർ പീളമേട് പോലീസിനെ വിവരമറിയിച്ചു. പോലീസ് മൂന്നുപേരെയും അറസ്റ്റുചെയ്തു.
മർദിച്ചെന്ന മണികണ്ഠന്റെ പരാതിയിൽ നാഗരാജിന്റെ ബന്ധുക്കളായ മൂന്നാളുകളുടെ പേരിൽ കേസെടുത്തു.
Content Highlights: Three suspects arrested by Peelamedu police for exhuming a grave., The incident occurred in Shauripalayam, Coimbatore., A gold chain weighing 3.5 sovereigns was stolen from the body of the deceased, Nagaraj.