'ഉമ്മ തന്നാലെ വിടൂ'; കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് ഉമ്മവെയ്പ്പിച്ചു; പ്രതിക്ക് 14 വർഷം കഠിനതടവ്

തിരുവനന്തപുരം: ഒൻപതു വയസ്സുകാരിയെക്കൊണ്ട് നിർബന്ധിച്ച് ഉമ്മവെയ്പ്പിച്ചെന്ന കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 26,000 രൂപ പിഴയും ശിക്ഷ. വെട്ടുകാട് സ്വദേശി ബേസിൽ എന്ന എഡിസണെ(54)യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷവും മൂന്നുമാസവും തടവ് കൂടുതൽ അനുഭവിക്കണം. വിവിധ വകുപ്പുകളിൽ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
2024 ഒക്ടോബർ 20-നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ടെറസിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്തുവന്ന കുട്ടിയോട് സമീപത്തെ പൂച്ചട്ടി എടുത്തുതരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചട്ടി എടുത്തകൊടുത്ത കുട്ടിയുടെ കൈയിൽ കയറി പിടിച്ചു. ഉമ്മ തന്നാൽ മാത്രമേ കൈ വിടുകയുള്ളൂവെന്ന് പറഞ്ഞ് കൈ പിടിച്ച് വലിച്ചു. കുട്ടി കൈ വിടാൻ പറഞ്ഞിട്ടും പ്രതി വിട്ടില്ല. ഇതോടെ ഭയന്ന് കുട്ടി ഉമ്മ നൽകി. തുടർന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി അച്ഛനോട് സംഭവം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
വലിയതുറ പോലീസ് സബ് ഇൻസ്പെക്ടർ ജയശ്രീ. എസ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. പി. സുരഭി എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി.
Content Highlights: A man has been sentenced to 14 years in prison for forcing a 9-year-old girl to kiss him. Read the details of the shocking incident and the court`s verdict.