ബാങ്ക് ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ശുചീകരണ തൊഴിലാളിയുടെ തട്ടിപ്പ്; രണ്ടുകോടിയുടെ ഇടപാട്

#ന്യൂസ് ഡെസ്ക്

ചേർത്തല: ചേർത്തല നഗരത്തിലെ ദേശസാത്കൃത ബാങ്കിന്റെ വ്യാജരേഖകളുണ്ടാക്കി നടത്തിയ തട്ടിപ്പിൽ കൂടുതൽപ്പേർക്ക് പണം നഷ്ടപ്പെട്ടതായി വിവരം. രണ്ടു കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായി ചേർത്തല പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. ചൊവ്വാഴ്ചവരെ മൂന്നു സ്ത്രീകളാണ് പരാതി നൽകിയത്. മൂവരിൽനിന്നുമായി 27 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

ബാങ്കിന്റെ കോടതിക്കവലയ്ക്കു സമീപത്തെ ശാഖയിൽ കരാർ ഏജൻസി നിയോഗിച്ച ശുചീകരണത്തൊഴിലാളിയായ യുവതിക്കെതിരേയാണു പരാതി. വാരനാടു സ്വദേശിനിയായ ഇവർ ഒളിവിലാണെന്നാണു വിവരം.

ജീവനക്കാരിയാണെന്നു തെറ്റിദ്ധരിപ്പിച്ച്, ഉയർന്ന പലിശ വാഗ്ദാനംചെയ്ത് ബാങ്കിന്റെ പേരിൽ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി ബാങ്കുദ്യോഗസ്ഥരുടെ ഒപ്പും മുദ്രയും രസീതും സ്ഥിരനിക്ഷേപ രേഖകളും വ്യാജമായി തയ്യാറാക്കി നൽകി. യഥാർഥ രേഖകളുമായി സാമ്യമുള്ള സർട്ടിഫിക്കറ്റുകളാണ് ഇടപാടുകാർക്കു നൽകിയത്.

ആരോപണവിധേയയായ യുവതി ഓഗസ്റ്റ് 12 മുതൽ ജോലിക്കെത്തിയിരുന്നില്ല. പരാതി വന്നതോടെ 21-ന് ഇവരെ മാറ്റി പകരം ആളെ നൽകാൻ ഏജൻസിയോട് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.

ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ശാഖാ മാനേജരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. പണം നഷ്ടപ്പെട്ട ഓരോരുത്തരുടെയും മൊഴിയെടുത്ത് പ്രത്യേകം കേസുമെടുക്കും.

പണം നഷ്ടപ്പെട്ട പലരും യുവതിയോട് അടുപ്പമുള്ളവരും ബന്ധുക്കളുമാണെന്നാണു വിവരം. ഇവർ നിക്ഷേപത്തുകയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പു പുറത്തായത്. 

Content Highlights: Chettikulangara police uncover a bank fraud exceeding two crore rupees, with multiple victims deceived by fake documents and high-interest promises.