കേദന്റെ ജീവനെടുക്കുന്നതിനേക്കാൾ സിയ ഭയന്നത്; ചേതൻ ഭഗതിന്റെ പിന്തിരിപ്പൻ ‘കുടുംബസിദ്ധാന്തം’ പറയുന്നത്

പുണെ: മഹാരാഷ്ട്രയിലെ യുവ വ്യവസായി കേദൻ അഗർവാളിനെ 20-വയസുകാരിയായ അദ്ദേഹത്തിന്റെ പ്രതിശ്രുതവധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കൊലപ്പെടുത്തി എന്ന ആരോപണവും ഇതുമായി ബന്ധപ്പെട്ട കേസന്വേഷണവും രാജ്യത്താകമാനം വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉയർന്നുകേട്ട ഒരു ചോദ്യമാണ്, സിയയ്ക്ക് കേദനെ വിവാഹം കഴിക്കാൻ താൽപര്യമില്ലായിരുന്നെങ്കിൽ വിവാഹം റദ്ദാക്കാമായിരുന്നില്ലേ എന്നത്. ഇതിന് പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ചേതൻ ഭഗത് നടത്തിയ വിശകലനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.
പ്രതിയായ സിയ ഗോയൽ വിവാഹത്തിൽ നിന്ന് പിന്മാറുന്നതിന് പകരം കുറ്റകൃത്യത്തിന് മുതിർന്നത് കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനുള്ള സമ്മർദ്ദം മൂലമാണ് എന്നാണ് ഭഗതിന്റെ നിരീക്ഷണം. പരമ്പരാഗത ബിസിനസ് കുടുംബങ്ങളിലെ യാഥാസ്ഥിതികമായ വളർത്തൽ രീതികളും മക്കളുടെ സാമ്പത്തിക പരാശ്രയത്വവുമാണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നതെന്ന് ഭഗത് ഇന്ത്യാ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പരസ്പരം സംസാരിച്ച് പരിഹരിക്കാമായിരുന്ന പ്രശ്‌നം ഇത്തരം ഇടുങ്ങിയ ചിന്താഗതികൾ കാരണം വലിയൊരു ദുരന്തമായി മാറിയെന്നാണ് ഭഗതിന്റെ പക്ഷം.
'സിയയ്ക്ക് എന്തുകൊണ്ട് വിവാഹത്തോട് 'NO' പറയാനായില്ല' എന്ന തന്റെ ലേഖനം കേസിലെ പ്രതിയെ ഒരു ഇരയായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന ഒരു വിഭാഗം ഉപയോക്താക്കളുടെ വിലയിരുത്തിയതിനെ തുടർന്ന് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ രൂക്ഷമായ വിമർശനങ്ങൾക്ക് പാത്രമായതിന് പിന്നാലെയാണ് അദ്ദേഹം തന്റെ വിശകലനത്തെക്കുറിച്ച് ഇന്ത്യാ ടുഡേയോട് വിശദീകരിക്കാൻ തയ്യാറായത്. തന്റെ ലേഖനം ആരെയും ന്യായീകരിക്കാനല്ലെന്നും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കപ്പെടണമെന്നും ഭഗത് ഊന്നിപ്പറഞ്ഞു.
ഇത്തരം കേസുകളിൽ, പിന്തിരിപ്പൻ ബിസിനസ്സ് കുടുംബങ്ങളും മാതാപിതാക്കളെ അനുസരിക്കാൻ മാത്രം ശീലിച്ച കുട്ടികളുമാണ് ഇതിലെ വലിയ പ്രശ്‌നമെന്നാണ് ഭഗതിന്റെ വിലയിരുത്തൽ. അത്തരത്തിൽ നോക്കുമ്പോൾ ഈ കേസ് നമ്മൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ സങ്കീർണ്ണമാണ് എന്നും ഭഗത് പറഞ്ഞുവെക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ ഉപരിയായി സാമൂഹികമായ അന്തസ്സിനും ആഡംബര വിവാഹങ്ങൾക്കും പ്രാധാന്യം നൽകുന്ന രീതിയെ വിമർശിക്കുന്നതിനൊപ്പം, ഈ കൊലപാതക കേസ് ഒരു വ്യക്തിഗത കുറ്റകൃത്യം എന്നതിലുപരിയായി സമൂഹത്തിലെ ജീർണ്ണിച്ച വ്യവസ്ഥിതിയുടെ പ്രതിഫലനമായാണ് അദ്ദേഹം വിലയിരുത്തുന്നത്.
ഭഗതിന്റെ അഭിപ്രായത്തിൽ, ഈ ദുരന്തത്തിന്റെ കേന്ദ്രബിന്ദു 'അപമാനം' (shame) ആണ്. കുടുംബത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്നതിനാൽ ഒളിച്ചോടാൻ സിയ ആഗ്രഹിച്ചിരുന്നില്ലെന്ന് അവളുടെ കാമുകൻ ചേതൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പോലീസ് അവകാശപ്പെട്ടത് ഭഗത് ചൂണ്ടിക്കാട്ടി. ഇത്തരം ബിസിനസ്സ് കുടുംബങ്ങൾ കുട്ടികളെ വളർത്തുന്ന രീതിയും, വിവാഹത്തിന്റെ കാര്യത്തിലും സ്വന്തം തീരുമാനങ്ങൾ എടുക്കുന്നതിലും അവർ എത്രത്തോളം യാഥാസ്ഥിതികരായി തുടരുന്നുവെന്നും ഈ സംഭവം വെളിപ്പെടുത്തുന്നു എന്നും ഭഗത് പറയുന്നു.
'സിയയ്ക്ക് ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള കാര്യം; കാമുകനോടൊപ്പം കുടുംബ കോടതിയിൽ പോയി വിവാഹം കഴിക്കുക, ഒരു സർട്ടിഫിക്കറ്റ് വാങ്ങി അത് മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുക എന്നതായിരുന്നു. കഥ അവിടെ അവസാനിച്ചേനെ. എന്നാൽ അവൾ അത് ചെയ്തില്ല. കുടുംബത്തിന് അത് അപമാനമുണ്ടാക്കും എന്നതിനാലാണ് വിവാഹം റദ്ദാക്കാതിരുന്നത് എന്നാണ് സിയ പോലീസിനോട് പറഞ്ഞത്. അത് ഇത്തരം വലിയ വ്യവസായ കുടുംബങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരു കാര്യമാണ്... അവർ വളരെ പിന്തിരിപ്പൻ (highly regressive) സ്വഭാവമുള്ളവരാകാനാണ് സാധ്യത.' ഭഗത് തുടർന്നു.
ഇത്തരം ബിസിനസ്സ് കുടുംബങ്ങളിലെ മാതാപിതാക്കൾ തങ്ങളുടെ പ്രായപൂർത്തിയായ മക്കളുടെ വ്യക്തിപരമായ തീരുമാനങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതാണ് പ്രധാന ഘടകമെന്നും ഭഗത് പറയുന്നു. 'പ്രതിവർഷം 10 കോടി മുതൽ 50 കോടി രൂപ വരെ വിറ്റുവരവുള്ള ഇടത്തരം വ്യവസായ കുടുംബങ്ങളിൽ ഇത് സാധാരണമാണ്. ഞാൻ എസ്എംഇ (SME) എന്ന് വിളിക്കുന്ന ഈ വ്യവസായ കുടുംബങ്ങൾ വളരെ പിന്തിരിപ്പൻ സ്വഭാവമുള്ളവരാണ്.' ഭഗത് പറഞ്ഞു. ഇത്തരം വ്യവസായികൾ സാധാരണയായി സ്റ്റീൽ പൈപ്പുകൾ, ബോൾ ബെയറിംഗുകൾ എന്നിവ നിർമ്മിക്കുന്നതിലാണ് ഏർപ്പെട്ടിരിക്കുന്നത്, അല്ലാതെ അത്യാധുനിക സാങ്കേതികവിദ്യകളിലല്ലെന്നും അദ്ദേഹം പറയുന്നു.
'ഇത് ഒരു പ്രത്യേക തലത്തിൽ സ്ഥിരത കൈവരിക്കുന്നു.. അതിനെയാണ് നമ്മൾ ഒരു ലാല കമ്പനി (Lala company) എന്ന് വിളിക്കുന്നത്.' ഭഗത് പറഞ്ഞു. അപ്പോൾ അവരുടെ ജീവിതത്തിലെ ശക്തിപ്രകടനം എന്താണ്? ഭഗത്തിന്റെ അഭിപ്രായത്തിൽ, അത് ആഡംബരപൂർണമായ വിവാഹങ്ങളാണ്. 'കാരണം അവർ സമ്പന്നരാണ്. തങ്ങൾ സമ്പന്നരാണെന്ന് അവർക്ക് തോന്നണം, അത് ജനങ്ങളെ കാണിക്കണം. ആഡംബര വിവാഹങ്ങൾ നടത്തുക എന്നതാണ് അവരുടെ പരമമായ ശക്തിപ്രകടനം.' അദ്ദേഹം പറഞ്ഞു. ഭഗതിന്റെ അഭിപ്രായത്തിൽ, ഇത്തരം വ്യവസായികളുടെ മക്കളാണ് മിക്കപ്പോഴും ഈ 'കുടുംബത്തിന്റെ അന്തസ്സ്' എന്ന കെണിയിൽ വീഴുന്നത്.
ജീവിതത്തിലെ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കാൻ ആവശ്യമായ സ്വാതന്ത്ര്യമില്ലാതെയാണ് ഇത്തരം കുടുംബങ്ങളിലെ തലമുറകൾ വളർത്തപ്പെടുന്നതെന്ന് അദ്ദേഹം എടുത്തുപറയുന്നു. സാമ്പത്തിക പരാശ്രയത്വവുമായും അദ്ദേഹം ഈ വിഷയത്തെ ബന്ധിപ്പിച്ചു. രണ്ടാം തലമുറയിലെ പല അവകാശികളും തങ്ങളുടെ മാതാപിതാക്കളെ എതിർക്കാൻ പ്രയാസപ്പെടുന്നത് അവർ സാമ്പത്തിക സഹായത്തിനായി മാതാപിതാക്കളെ ആശ്രയിക്കുന്നു എന്നതുകൊണ്ടാണ്.
'അവർക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം അച്ഛന്റെ ബിസിനസ്സിലേക്ക് പ്രവേശിക്കുക എന്നതാണ്. അവർക്ക് ഒരു ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഉണ്ടാവില്ല, നല്ല കോളേജ് വിദ്യാഭ്യാസം ഉണ്ടാവില്ല, ഇഷ്ടമുള്ളതോ താൽപര്യമുള്ളതോ ആയ മേഖലയിലെ ജോലികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. അതിനാൽ ജീവിതത്തിന് പണം കണ്ടെത്താൻ അവർ പൂർണമായും വീട്ടിലെ മുതിർന്ന അംഗത്തെ ആശ്രയിക്കുന്നു. ആരെങ്കിലും നിങ്ങൾക്ക് പണം നൽകുമ്പോൾ, നിങ്ങൾ ഒരാളെ ആശ്രയിക്കുമ്പോൾ, അവർ നിങ്ങളെ നിയന്ത്രിക്കും. അതാണ് ഇത്തരം കുടുംബങ്ങളിലും നടക്കുന്നത്. അതൊരു പിന്തിരിപ്പൻ ഏർപ്പാടാണ്.' ഭഗത് വ്യക്തമാക്കുന്നു.
സമ്പത്തുണ്ട് എന്നതുകൊണ്ട് മാത്രം മാതാപിതാക്കളുടെ അമിതമായ നിയന്ത്രണത്തെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 'മാർക്ക് സക്കർബർഗ് തന്റെ മക്കളെ നിയന്ത്രിക്കാനോ അവർ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് തീരുമാനിക്കാനോ ശ്രമിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇലോൺ മസ്‌ക് അങ്ങനെ ചെയ്യുമോ?' തന്റെ വാദത്തെ സാധൂകരിക്കുന്നതിനായി ഭഗത് ചോദിച്ചു. ചുരുക്കത്തിൽ, കുടുംബത്തിന്റെ പ്രതീക്ഷകളുടെ നിഴലും സാമൂഹികമായ അപമാനഭീതിയും (social stigma) ഈ ദുരന്തത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ഭഗതിന്റെ വിലയിരുത്തൽ. 'വീട്ടുകാരുമായി മനസുതുറന്ന് ഒന്ന് സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ ഈ പ്രശ്‌നം ഉണ്ടാവില്ലായിരുന്നു, എന്നാൽ അതിനുള്ള സാഹചര്യം അവിടെ ഇല്ലാതെപോയി,' ഭഗത് പറഞ്ഞു.
Content Highlights: Chetan Bhagat analyzes the psychological factors behind the Siya-Ketan case. Argues that regressive business family dynamics suppress children's autonomy. Highlights how financial dependence prevents heirs from making independent life choices. Claims lavish weddings are often used as a status symbol by SME business families. Emphasizes that family reputation and social stigma contributed to the tragedy.