വൈരാഗ്യം തീർത്തത് ഉറക്കത്തിൽ; വയോധികനെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ തലയിൽ കല്ലിട്ടുകൊന്നു

ചെറുപുഴ: പുളിങ്ങോത്ത് വയോധികനെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ തലയിൽ കല്ലിട്ടുകൊന്നു. ഇടവരമ്പ് പൂമലയിലെ മ്ലാക്കുഴി ജോസഫ് (ജോസ്‌കുട്ടി-68) ആണ് മരിച്ചത്. തലയിൽ വെട്ടുകല്ലിട്ട് കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണുള്ളത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടത്തിൽ കിടക്കുന്ന നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്. ഞായറാഴ്ച വെളുപ്പിന് നാട്ടുകാരാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പുളിങ്ങോം വിളക്കുവട്ടത്തെ കൂലേരി ചന്ദ്രനെ (48) ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കിടന്നുറങ്ങുകയായിരുന്ന ജോസുകുട്ടിയുടെ തലയ്ക്ക് പുലർച്ചെ മൂന്നോടെ വെട്ടുകല്ല് കൊണ്ടുവന്ന് ഇടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോസുകുട്ടി ഇവിടെയാണ് സ്ഥിരമായി കിടക്കാറ്. 2025 ജൂലായ് 19-ന് മദ്യലഹരിയിൽ ചന്ദ്രൻ ജോസ്‌കുട്ടിയെ ആക്രമിച്ചതായി ചെറുപുഴ പോലീസിൽ കേസുണ്ട്. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ അന്ന് ജോസുകുട്ടിയുടെ ഇടതുകാൽ ഒടിഞ്ഞിരുന്നു. ഈ കേസിൽ ചന്ദ്രനെ റിമാൻഡ് ചെയ്തിരുന്നു.
കണ്ണൂരിൽനിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലം പരിശോധിച്ച് തെളിവ് ശേഖരിച്ചു. പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ കെ.ഷാജു, ചെറുപുഴ എസ്.ഐ. ജി.ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.