ചേരാനല്ലൂർ കേസ് അന്വേഷിക്കാൻ SIT; 17-കാരൻ വണ്ടിയോടിച്ചത് ആദ്യമായിട്ടല്ല? ജഡ്ജിയെ പ്രതിചേർക്കാൻ പോലീസ്

#ന്യൂസ് ഡെസ്ക്
ജയബാലകൃഷ്ണന്റെ മൃതദേഹം ചിറ്റൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന മകള്‍ ഭദ്രകീര്‍ത്തി, മകന്‍ ഭരത്ശങ്കര്‍, ഭാര്യ ബിന്ദു എന്നിവര്‍ | ഫോട്ടോ: റിദിന്‍ ദാമു
ജയബാലകൃഷ്ണന്റെ മൃതദേഹം ചിറ്റൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന മകള്‍ ഭദ്രകീര്‍ത്തി, മകന്‍ ഭരത്ശങ്കര്‍, ഭാര്യ ബിന്ദു എന്നിവര്‍ | ഫോട്ടോ: റിദിന്‍ ദാമു

കൊച്ചി: ചേരാനെല്ലൂരിൽ 17-കാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ ജയപാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) രൂപവത്കരിക്കും. അപകടത്തിന് കാരണമായ വാഹനത്തിന്റെ ആർ.സി. ഉടമയും 17-കാരന്റെ പിതാവുമായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസിൽ പ്രതിചേർക്കാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയാണ്.

ജഡ്ജിക്കെതിരേ നടപടിയെടുക്കുന്നതിന് മുന്നോടിയായി ഹൈക്കോടതി ജഡ്ജിയുടെ അനുമതിയും വിദഗ്ധ നിയമോപദേശവും തേടും. ഇത് ലഭിച്ച ശേഷമായിരിക്കും ഇദ്ദേഹത്തെ പ്രതിചേർക്കുക. വിഷയംസംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിയെ വിളിച്ച് അതൃപ്തി അറിയിച്ചതിനെത്തുടർന്നാണ് കേസന്വേഷണത്തിന് എസ്.ഐ.ടി. രൂപവത്കരിക്കാൻ തീരുമാനമായത്.

ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്.) 106-ാം വകുപ്പ് ഉൾപ്പെടെ ചുമത്തി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ 17-കാരന്, മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, തങ്ങളുടെ അച്ഛന് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ജയപാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയും കുടുംബവും അറിയിച്ചു.

പോലീസിന്റെ ഭാഗത്തുനിന്ന് പ്രതിക്ക് അനുകൂലമായ നിലപാടാണുണ്ടായതെന്നും പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന് അച്ഛന്റെ മൃതദേഹം വിട്ടുകിട്ടാൻ 12 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നപ്പോൾ, അപകടമുണ്ടാക്കിയ 17-കാരനെ നിമിഷങ്ങൾക്കുള്ളിൽ പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യത്തിൽ വിട്ടയച്ചതായും മക്കൾ കുറ്റപ്പെടുത്തി.

17-കാരൻ ആദ്യമായി കാറെടുത്തതാണെന്ന പിതാവിന്റെ വാദം തെറ്റാണെന്നും ജയപാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നു. ഇയാൾ സ്ഥിരമായി വാഹനം ഓടിച്ചിരുന്ന ചിത്രങ്ങളും 208 കിലോമീറ്റർ വേഗത്തിൽ കാറോടിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമ പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യമായാണ് അവൻ കാറോടിക്കുന്നതെന്നായിരുന്നു അച്ഛൻ പറഞ്ഞത്. ഇതിൽനിന്നുതന്നെ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമം എത്രയുണ്ടെന്ന് മനസ്സിലാക്കാം. പണവും സ്വാധീനവുമുള്ള പ്രതിഭാഗത്തെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. തട്ടുകട നടത്തുന്ന സാധാരണക്കാരായ തങ്ങളുടെ വേദന അധികാരികൾ കാണുന്നില്ല. 17-കാരന്റെ പിതാവായ ജഡ്ജിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുള്ള നിയമപരമായ വഴികൾ തേടുമെന്നും കുടുംബം അറിയിച്ചു.

Content Highlights: Special Investigation Team (SIT) formed to probe the Cheranalloor car accident involving a minor.