ബജ്‌റംഗ്ദള്‍ നേതാവിന്റെ കൊലപാതകം; അന്വേഷണം എൻഐഎയ്ക്ക് കൈമാറി, ഇതുവരെ അറസ്റ്റിലായത് 11 പേര്‍

കൊല്ലപ്പെട്ട സുഹാസ് ഷെട്ടി | Photo Courtesy: x.com/seriousfunnyguy
കൊല്ലപ്പെട്ട സുഹാസ് ഷെട്ടി | Photo Courtesy: x.com/seriousfunnyguy

ന്യൂഡല്‍ഹി: കര്‍ണാടകയിലെ മുന്‍ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആശങ്കകള്‍ ഉയരുന്നതിനിടെയാണ് അന്വേഷണം കൈമാറിയത്. ഇതുസംബന്ധിച്ച ഓര്‍ഡര്‍ ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് എന്‍ഐഎ കൈപ്പറ്റി. പൊലീസ് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ എന്‍ഐഎയ്ക്ക് കൈമാറിയശേഷം വിശദമായി ചോദ്യംചെയ്യും. കേസില്‍ ഇതുവരെ 11 പേരെ മംഗളൂരു പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. 

കര്‍ണാടകയുടെ തീരദേശം കേന്ദ്രീകരിച്ച് ബജ്‌റംഗ്ദളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവനേതാവായിരുന്നു സുഹാസ് ഷെട്ടി. കഴിഞ്ഞ മേയ് ഒന്നിന് സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്യുന്നതിനിടെ രണ്ട് വാഹനങ്ങളിലെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി സുഹാസിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹാസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ടൗണില്‍വെച്ചായിരുന്നു സംഭവം. കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം വ്യാപകമായി. ആസൂത്രിതമായ കൊലപാതകമാണെന്ന് ബജ്‌റംഗ്ദള്‍, വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ആരോപിച്ചു.

അഞ്ചോ ആറോ പേരടങ്ങിയ സംഘം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സുഹാസിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നാലെ പ്രതിഷേധം വ്യാപകമാവുകയും അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. 2022-ല്‍ ഇരുപത്തിമൂന്നുകാരനായ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയാണ് സുഹാസ് ഷെട്ടി.

Content Highlights: Centre hands over Bajrang Dal activist Suhas Shetty murder case to NIA