ഭാര്യവഴി പത്തുലക്ഷം കൈക്കൂലി വാങ്ങി; കേന്ദ്ര മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവിനെ പിടികൂടി സിബിഐ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: PTI
പ്രതീകാത്മകചിത്രം | Photo: PTI

ന്യൂഡൽഹി: കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൽ ആഭ്യന്തര സാമ്പത്തിക ഉപദേഷ്ടാവായി (ഐഎഫ്എ) സേവനമനുഷ്ഠിച്ചിരുന്ന ഡെപ്യൂട്ടി കൺട്രോളർ ഓഫ് അക്കൗണ്ട്സിനെ കൈക്കൂലി കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. 2020 ബാച്ച് സിവിൽ അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥനായ സന്ദീപ് ആണ് പിടിയിലായത്.

ഒരു സ്വകാര്യ കമ്പനിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ഭാര്യയെ ഇടനിലക്കാരിയാക്കി പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്ന് സിബിഐ ബുധനാഴ്ച അറിയിച്ചു.

കരാർ പുതുക്കുന്നതിനായി ഉടമസ്ഥനായ വ്യവസായിയിൽനിന്ന് 15 ലക്ഷം രൂപയാണ് സന്ദീപ് ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത്. എന്നാൽ, പിന്നീട് നടന്ന ചർച്ചകൾക്കൊടുവിൽ തുക പത്ത് ലക്ഷമായി കുറയ്ക്കുകയും ഫയൽ നീക്കുന്നത് വേഗത്തിലാക്കാമെന്ന് ഇയാൾ ഉറപ്പുനൽകുകയും ചെയ്തു.

പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച സിബിഐ സംഘം വലവിരിക്കുകയും ഭാര്യ മുഖേന പണം സ്വീകരിക്കുന്നതിനിടെ ഇയാളെ പിടികൂടുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് സിബിഐ അറിയിച്ചു.

Content Highlights: Central ministry financial advisor arrested by CBI for bribery., Demanded Rs 15 lakh, later settled for Rs 10 lakh to renew a private company contract., Caught red-handed while accepting the bribe through his wife., The accused belongs to the 2020 batch of the Indian Civil Accounts Service (ICAS).