യൂത്ത് കോൺഗ്രസ് നേതാവിന് പോലീസിന്റെ ക്രൂരമർദനം; നീണ്ട നിയമപോരാട്ടം, ദൃശ്യങ്ങൾ പുറത്ത്

കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസ്സിനാണ് മര്‍ദനമേറ്റത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. സുജിത്ത് നിയമപോരാട്ടം നടത്തിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
കുന്നംകുളം പോലീസാണ് മര്‍ദിച്ചത്. വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2023 ഏപ്രില്‍ മാസം അഞ്ചാം തീയതിയാണ് സംഭവം നടന്നത്.
സുഹൃത്തുക്കളോട് പോലീസുകാര്‍ വളരെ മോശമായി പെരുമാറിയതിന് പിന്നാലെ സുജിത്ത് ഇടപെട്ടതാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ സുജിത്തിനെ പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. പോലീസ് സ്‌റ്റേഷനിലെത്തിച്ചയുടനെ അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. ആദ്യം ഒരു മുറിയിലിട്ട് മര്‍ദിക്കുകയും പിന്നീട് മറ്റൊരു മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. നാല് പോലീസുകാര്‍ ചേര്‍ന്നാണ് സുജിത്തിനെ മര്‍ദിക്കുന്നത്. എസ്‌ഐയായിരുന്ന നുഹ്‌മാന്‍, സിപിഒമാരായിരുന്ന ശശിധരന്‍, സന്ദീപ്, സജീവന്‍ എന്നീ പോലീസുകാരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്.
ഇതിന് പിന്നാലെ പോലീസ് സുജിത്തിനെതിരേ കേസെടുക്കുകയും ചെയ്തു. മദ്യപിച്ച് പോലീസുകാരോട് തട്ടിക്കയറി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. എഫ്‌ഐആര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ വൈദ്യ പരിശോധനയിൽ പോലീസ് മർദനത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് സുജിത്ത് പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ പോലീസ് ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയാറായില്ല. തുടർന്ന് സുജിത്ത് കോടതിയെ സമീപിക്കുകയും കോടതി നേരിട്ട് കേസെടുക്കുകയുമായിരുന്നു.
സുജിത്ത് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും പോലീസ് നൽകാൻ തയ്യാറായിരുന്നില്ല. സുജിത്ത് നൽകിയ അപ്പീൽ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ പോലീസ് സ്റ്റേഷനിലെ CCTV ദൃശ്യങ്ങൾ നൽകാൻ ഉത്തരവിട്ടു. വിവരാവകാശ കമ്മീഷൻ പോലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ട് സുജിത്ത് ആവശ്യപ്പെട്ട CCTV ദൃശ്യങ്ങൾ നൽകുവാൻ കർശന നിർദേശം നൽകുകയായിരുന്നു. സംഭവത്തില്‍ സ്റ്റേഷനിലെ നാല് പോലീസുകാര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: case against police officers attack youth congress leader cctv visuals