ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി; സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍

വിജിലൻസ് ഉദ്യോഗസ്ഥർ എൻ.കെ. മുഹമ്മദിൽനിന്ന് തെളിവെടുക്കുന്നു, മുഹമ്മദിൽനിന്ന് വിജിലൻസ് പിടികൂടിയ പണം
വിജിലൻസ് ഉദ്യോഗസ്ഥർ എൻ.കെ. മുഹമ്മദിൽനിന്ന് തെളിവെടുക്കുന്നു, മുഹമ്മദിൽനിന്ന് വിജിലൻസ് പിടികൂടിയ പണം

ഉള്ളിയേരി(കോഴിക്കോട്): ഉള്ളിയേരി വില്ലേജിന്റെ പരിധിയിലുള്ള മുണ്ടോത്ത് ഡിജിറ്റല്‍ സര്‍വേ സൂപ്രണ്ട് ഓഫീസ് ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ എന്‍.കെ. മുഹമ്മദ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ഉള്ളിയേരി നാറാത്ത് സ്വദേശിയായ പരാതിക്കാരന്റെ അനുജന്റെ പേരിലുള്ള സ്ഥലം ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഡിജിറ്റല്‍ അളവുനടത്തിയപ്പോള്‍ കുറവുണ്ടെന്നു പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

നാലേക്കര്‍ 55 സെന്റ് സ്ഥലമാണ് കഴിഞ്ഞദിവസം സര്‍വേ നടത്തിയത്. അളന്നപ്പോള്‍ സ്ഥലം കുറവുണ്ടെന്നു പറഞ്ഞ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയും വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരന്‍ വിജിലന്‍സ് പോലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു.

വിജിലന്‍സ് നല്‍കിയ 10,000-ത്തിന്റെ നോട്ട് ഉള്ളിയേരിയിലെ ഫെയ്മസ് ബേക്കറിക്ക് മുന്നില്‍വെച്ച് പരാതിക്കാരനില്‍നിന്ന് മുഹമ്മദ് വാങ്ങിയ ഉടന്‍ വിജിലന്‍സ് സെല്‍ പിടികൂടുകയായിരുന്നു. ബേക്കറിയില്‍വെച്ചുതന്നെ പരിശോധനയും നടത്തി. തെളിവെടുപ്പില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി.മാരായ കെ.കെ. ബിജു, ശിവപ്രസാദ്, സി.ഐ.മാരായ ആഗേഷ്, കെ.ജി. വിനോദ്, എസ്.ഐ.മാരായ സന്തോഷ്‌കുമാര്‍, ഷിനില്‍ എന്നിവര്‍ തെളിവെടുപ്പ് നടത്തി. മുഹമ്മദ് വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: bribe for digital survey surveyor arrested by vigilance