ബി.എൽ.എം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന് ഹാജരാവാൻ നോട്ടീസ്

#സ്വന്തം ലേഖകൻ

കോഴിക്കോട്: ബി.എൽ.എം. സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ആർ. പ്രേംകുമാറിന് കോടതിയിൽ ഹാജരാവാൻ നോട്ടീസ്. ബി.എൽ.എം. മുൻ ചെയർമാനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകിയിരുന്നു.

അറസ്റ്റിനുള്ള കാരണം പ്രതിയെ ബോധിപ്പിച്ചില്ലെന്ന പ്രതിഭാഗം വക്കീലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയെ ബോധ്യപ്പെടുത്തുന്നതിലും ബന്ധുക്കളെ അറിയിക്കുന്നതിലും പിഴവ് സംഭവിച്ചുവെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. എന്നാൽ, പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു. ഇതിലാണ് ഇപ്പോൾ കോടതി നോട്ടീസ് നൽകിയിരിക്കുന്നത്.

നവംബർ രണ്ട് തിങ്കളാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ടായിരുന്നു പ്രേംകുമാറിന് പോലീസ് നോട്ടീസ് നൽകിയത്. ചെന്നൈയിലെ വീട്ടിലെത്തി നോട്ടീസും നൽകിയിരുന്നു. പക്ഷെ, വീട്ടിൽ പ്രേംകുമാർ ഉണ്ടായിരുന്നില്ല. ഇതോടെ അവിടെയുണ്ടായിരുന്ന ജീവനക്കാരന് നോട്ടീസ് നൽകി മടങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

വാറന്റില്ലാതെയാണ് അറസ്റ്റെങ്കിൽ ബിഎൻഎസ് 47 പ്രകാരം കാരണം (ഗ്രൗണ്ട് ഓഫ് അറസ്റ്റ്) കൃത്യമായി അറിയിക്കണം. ബന്ധുക്കളെയും വിവരം അറിയിക്കണം. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ.എം.കെ റാമിനെ ആദ്യം അറസ്റ്റ് ചെയ്തപ്പോൾ വിട്ടയച്ചത് ഈ കാരണം കൊണ്ടായിരുന്നു.

പ്രേംകുമാറിന്റെ വിഷയത്തിൽ അറസ്റ്റിനുള്ള കാരണം വ്യക്തമാക്കുന്ന നോട്ടീസ് ആദ്യം കൈപറ്റാൻ തയ്യാറായിരുന്നില്ല. തുടർന്ന് നോട്ടീസ് മകന്റെ വാട്സ് ആപ്പിലേക്ക് അയച്ച് കൊടുക്കുകയായിരുന്നു. അതിന്റെ സ്‌ക്രീൻഷോട്ട് റിമാന്റ് റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരുന്നില്ല. ഇതായിരുന്നു ജാമ്യം കിട്ടാൻ കാരണമായതെന്നാണ് പറയുന്നത്.

Content Highlights: The court has issued a notice to R. Premkumar, the former chairman accused in the BLM financial fraud case, after procedural lapses led to his earlier release on bail.