200 പേർ വളഞ്ഞു, ഒരു ഗ്രാമം അരിച്ചു പെറുക്കി; വെട്ടിച്ചുകടന്നെത്തിയത് കൊച്ചിയിൽ, പിന്നെ കൊല്ലത്ത്, പിടിയിലായ അജാജ് കൊടുംകുറ്റവാളി

#ന്യൂസ് ഡെസ്ക്
• മുഹമ്മദ് അജാജ്, അജാജ്‌ താമസിച്ചിരുന്ന കൊല്ലത്തെ വീട്‌
• മുഹമ്മദ് അജാജ്, അജാജ്‌ താമസിച്ചിരുന്ന കൊല്ലത്തെ വീട്‌

കൊല്ലം: ബിഹാറിലെ ആർ.ജെ.ഡി. നേതാവിനെ വെടിവെച്ചുകൊന്ന കേസിൽ പ്രധാന പ്രതികളായ മുഹമ്മദ് അജാജിനെയും ത്രിഭുവനെയും പിടികൂടാൻ പോലീസും നാട്ടുകാരും ഒരു ഗ്രാമംതന്നെ അരിച്ചുപെറുക്കിയിരുന്നു. 200 പേരടങ്ങിയ പ്രത്യേക പോലീസ് സംഘം ഒരു രാത്രി മുഴുവൻ കരിമ്പിൻതോട്ടത്തിൽ പരിശോധന നടത്തി. പ്രതികൾ ഒളിവിൽക്കഴിഞ്ഞിരുന്ന ബിഹാർ സീതാമഠിയിലെ കരിമ്പിൻതോട്ടവും ചതുപ്പുനിലങ്ങളുമുൾപ്പെട്ട പ്രദേശം സെപ്റ്റംബർ 22-ന് രാത്രിയിലാണ് പോലീസ് സംഘം വളഞ്ഞത്.

രാത്രി ഡ്രോണുകളുൾപ്പെടെ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. പ്രതിയുടെ ബൈക്ക് സമീപത്തെ വയലിൽനിന്നു കണ്ടെടുത്തു. ഇവരുപയോഗിച്ചിരുന്ന തോക്കുകളും മാരകായുധങ്ങളും ഇവിടെനിന്നു ലഭിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. ഏക്കറുകണക്കിനു വരുന്ന കരിമ്പിൻതോട്ടത്തിലും കുറ്റിക്കാട്ടിലും ചുറ്റുമുള്ള പുൽമേടുകളിലുമുൾപ്പെടെ പോലീസ് സംഘങ്ങൾ തുടർച്ചയായി തിരച്ചിൽ നടത്തി. ഒടുവിൽ അടുത്ത ദിവസം രാവിലെ പ്രദേശത്തെ ഗ്രാമീണരുടെ സഹായത്തോടെ ത്രിഭുവനെ അറസ്റ്റുചെയ്തു. പക്ഷേ, അജാജിനെ കണ്ടെത്താനായില്ല. കൊടുംകുറ്റവാളിയായ അയാൾ അന്വേഷണസംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഇയാൾക്കായി പോലീസ് സംഘം റെയ്ഡുകൾ നടത്തി. തോട്ടങ്ങളും പുൽമേടുകളും കുറ്റിക്കാടുകളും ഉൾപ്പെടെ ഡ്രോൺ ക്യാമറകളുടെ സഹായത്തോടെ പോലീസ് പരിശോധിച്ചു. പോലീസിനെ വെട്ടിച്ച് അജാജ് ഉത്തരാഖണ്ഡിലേക്കു രക്ഷപ്പെട്ടു. ഇവിടെനിന്നാണ് കേരളത്തിലേക്കെത്തിയത്. ദിവസങ്ങളോളം കൊച്ചിയിൽ താമസിച്ചു. പിന്നീട്‌ അവിടെനിന്ന് കൊല്ലത്തെത്തുകയായിരുന്നു.

പോലീസെത്തിയത് സിം കാർഡിന്റെ വഴിയേ

: മൊബൈൽഫോണോ സിംകാർഡോ ഇല്ലാത്ത കുറ്റവാളി. പക്ഷേ, സുഹൃത്തിന്റെ അമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച്‌ എടുത്ത സിംകാർഡിൽനിന്ന്‌ അയാളുടെ ഭാര്യ നാട്ടിലുള്ള സുഹൃത്തിനെ വിളിച്ചു. തങ്ങൾ തേടിനടക്കുന്ന കുറ്റവാളി കേരളത്തിൽ കൊല്ലത്തുണ്ടെന്ന സൂചന ലഭിക്കാൻ ബിഹാർ പോലീസിന് അതു മതിയായിരുന്നു. തുടർന്ന് ജാഗ്രതയോടെ നീങ്ങിയ പോലീസ് കൊല്ലത്തെത്തി.

ബിഹാർ പോലീസിലെ എസ്.ഐ. രാമായൺ കുമാറും കോൺസ്റ്റബിൾ ജാവേദും പതിനഞ്ചു ദിവസമായി കൊല്ലത്തു തങ്ങി അന്വേഷണം നടത്തി. പ്രതിക്ക് അഭയംനൽകിയ സുഹൃത്തിനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. കൊട്ടിയത്തുള്ള സുഹൃത്തിനെ ചോദ്യംചെയ്തതോടെ പ്രതി കൊല്ലത്തുണ്ടെന്ന വിവരം ഉറപ്പിച്ചു. സിം കാർഡിന്റെ ലൊക്കേഷൻ പരിശോധന, സി.സി.ടി.വി. ദൃശ്യങ്ങളുടെ വിശകലനം, ഓട്ടോറിക്ഷാ ഡ്രൈവറുടെ നിർണായകവിവരം എന്നിവയുടെ സഹായത്തോടെ പോലീസ് അയാളെ കുടുക്കി. ബിഹാറിൽ ആർ.ജെ.ഡി. നേതാവ് ബൈദ്യനാഥ് മഹ്‌തോ ഉൾപ്പെടെ രണ്ടുപേരെ വെടിവെച്ചുകൊന്ന കേസിലെ പ്രതി മുഹമ്മദ് അജാജ് അങ്ങനെയാണ് പിടിയിലാവുന്നത്.

സിംകാർഡിന്റെ ലൊക്കേഷൻ പിന്തുടർന്നാണ് കൊല്ലം ഈസ്റ്റ് പോലീസും ബിഹാർ പോലീസും ചാമക്കടയിലെ വാടകവീട്ടിലെത്തിയത്. എന്നാൽ, പോലീസ് കൊല്ലത്തെത്തിയ വിവരം അറിഞ്ഞ പ്രതി, ഇവിടെനിന്നു രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നു. പോലീസെത്തുമ്പോഴേക്കും കുടുംബത്തോടൊപ്പം വീടൊഴിഞ്ഞിരുന്നു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങളും ഫോൺവിളി വിവരങ്ങളും പരിശോധിച്ച പോലീസ്, വീടു കണ്ടെത്താൻ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവർമാരെയും ബ്രോക്കർമാരെയും ചോദ്യംചെയ്തു. വാടകവീടിനു നൽകിയ 25,000 രൂപയുടെ അഡ്വാൻസ് തിരികെവാങ്ങാൻ പ്രതി വീണ്ടുമെത്തുമെന്ന സൂചന നിർണായകമായി. അഡ്വാൻസ് തുക വാങ്ങാനെത്തിയ പ്രതിയെക്കുറിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ വിവരംനൽകിയതോടെ പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. തോക്ക് കൈവശമുണ്ടാവാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ പോലീസ്, സന്നാഹങ്ങളോടെയാണ് എത്തിയത്. പിടിയിലായപ്പോൾ രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ചെങ്കിലും കീഴടക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ. ജയശങ്കർ, എസ്.െഎ.മാരായ രഞ്ജു, അരവിന്ദ്, സി.പി.ഒ. ഹാഷിം, അജയൻ, മുരുകേഷ്, അൻഷാദ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പൂച്ചയെപ്പോലെ ‘ശാന്തനായ യുവാവെ’ന്ന്‌ അയൽവാസി

: കൊടുംകുറ്റവാളിയായ മുഹമ്മദ് അജാജും കുടുംബവും ഒരു മാസമായി ഒളിവിൽക്കഴിഞ്ഞിരുന്നത് കൊല്ലം നഗരത്തിൽ, പെട്ടെന്ന് ആരുടെയും ശ്രദ്ധയെത്താത്തിടത്ത്. അജാജിന്റെ കുടുംബാംഗങ്ങളെ ആരെയും അയൽവാസികൾ കണ്ടിട്ടില്ല. അജാജ് മാത്രമേ ജോലിക്കായി പുറത്തിറങ്ങിയിരുന്നുള്ളൂ.

വർഷങ്ങളായി കൊട്ടിയത്തു ജോലിചെയ്യുന്ന അജാജിന്റെ സുഹൃത്ത് ഷാ ആലം, സാധനങ്ങൾ വാങ്ങാൻ പതിവായി ആണ്ടാമുക്കത്തും ചാമക്കടയിലും വരാറുണ്ടായിരുന്നു. ഇവിടെ ഇയാൾക്ക് പരിചയക്കാർ ധാരാളമുണ്ട്. ഇവരിലൊരാൾ വഴിയാണ് ഇയാൾ, ചാമക്കട അഗ്നിരക്ഷാനിലയത്തിന് എതിർവശത്ത് ഇടുങ്ങിയ ഇടവഴികൾ കടന്നുചെന്ന് എത്താവുന്ന വാടകവീട് കണ്ടെത്തിയത്. 25,000 രൂപ അഡ്വാൻസായി നൽകിയ ശേഷമാണ് അജാജും കുടുംബവും ഇവിടെ താമസമാരംഭിച്ചത്. ഷീറ്റു മേഞ്ഞ ഈ വീട് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടുമായിരുന്നില്ല. ഈ വീടിന്റെ മുന്നിൽത്തന്നെയാണ് വീട്ടുടമയും താമസിക്കുന്നത്.

മറുനാടൻതൊഴിലാളികളാണ് ഈ ഭാഗത്ത് കൂടുതലായും താമസിക്കുന്നത്. മിക്കവരും ഇടയ്ക്കിടെ താമസം മാറും. ഇവരാരും പ്രദേശവാസികളുമായി ഇടപഴകാേറയില്ല. ആരോടും മിണ്ടാതെ, വീടിനു മുന്നിലൂടെ കടന്നുപോയിരുന്ന, മെലിഞ്ഞ ശരീരപ്രകൃതിയുള്ള ‘പാവം പയ്യനാ’യിരുന്നു അജാജെന്ന് അയൽവാസിയായ സെലീന പറയുന്നു. രണ്ടു ദിവസം മുൻപ്‌ വൈകുന്നേരം അജാജിന്റെ കുടുംബാംഗങ്ങൾ ധൃതിയിൽ സാധനങ്ങളുമായി, ഇടവഴിയിലെത്തി ഓട്ടോയിൽ കയറി പോയിരുന്നു. അതിനുശേഷം പോലീസ് അന്വേഷിച്ചെത്തുമ്പോഴാണ് കൊടുംകുറ്റവാളിയാണ് അജാജെന്ന് ഇവർ തിരിച്ചറിയുന്നത്. വെള്ളിയാഴ്ച രാവിലെ ഇയാളെ പോലീസ് സാഹസികമായി പിടികൂടിയതോടെ ആശങ്കകൾ പങ്കിടുകയാണ് നാട്ടുകാർ.

ശാന്തശീലൻ, ജോലിയിൽ മിടുക്കൻ

: കൊല്ലത്തുനിന്നു പിടിയിലായ കൊടുംകുറ്റവാളി അജാജ്, സ്വതേ ശാന്തശീലനാണെന്നാണ് ഇയാൾ ജോലിചെയ്തിരുന്ന സ്ഥലങ്ങളിലുള്ളവരുടെ അഭിപ്രായം. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇയാൾ, എട്ടു വർഷം മുൻപാണ് കൊല്ലത്തെത്തിയത്. അതുകൊണ്ടുതന്നെ മലയാളം നന്നായി സംസാരിക്കാൻ പഠിച്ച അജാജ്, ഡ്രൈവിങ്ങിലും വിദഗ്ധനായിരുന്നു. തൊഴിലുടമകളുടെ വിശ്വാസമാർജ്ജിച്ചതോടെ, കൊല്ലത്തെ ഒരു പ്രമുഖ ചെരിപ്പുവ്യാപാരശാലയിലും വ്യാപാരശാലയുടെ നിയമോപദേഷ്ടാവായിരുന്ന അഭിഭാഷകന്റെയും ഡ്രൈവറായി മാസങ്ങളോളം ജോലിചെയ്തു.

ഇടയ്ക്കിടെ നാട്ടിലേക്കു പോകുന്ന ഇയാൾ, അവിടെ കവർച്ചയും കൊലപാതകവും തുടർന്നു. അതിനുശേഷം കൊല്ലത്തും എറണാകുളത്തുമെല്ലാമെത്തി ജോലികൾ തുടർന്നു. ബിഹാർ പോലീസ് കഴിഞ്ഞ ദിവസം ഇയാളെ അന്വേഷിച്ച് കൊല്ലത്തെത്തിയതോടെയാണ് രണ്ടു കൊലക്കേസുകളിലും മറ്റ് 12 കേസുകളിലും ഉൾപ്പെട്ടയാളാണ് അജാജെന്ന് എല്ലാവരും അറിയുന്നത്.

ബിഹാർ പോലീസിനെ വട്ടംചുറ്റിച്ച കൊടുംകുറ്റവാളി

: ബിഹാറിലെ രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി.) നേതാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ കൊടുംകുറ്റവാളി കൊല്ലത്ത് പിടിയിൽ. മറ്റൊരു കൊലപാതകമടക്കം 12 കേസുകളിൽ പ്രതിയായ, ബിഹാർ സീതാമഠി ജില്ലയിൽ ധ്രുമ, കേഥാരിയ സ്വദേശി മുഹമ്മദ് അജാജിനെ(അതാബുൽ റഹ്മാൻ-27)യാണ് വെള്ളിയാഴ്ച രാവിലെ 11-ന് കൊല്ലം നഗരമധ്യത്തിലെ ചാമക്കടയിൽനിന്ന് കൊല്ലം പോലീസും ബിഹാർ പോലീസും ചേർന്ന് അറസ്റ്റുചെയ്തത്. ചാമക്കട ഫയർ സ്റ്റേഷന് എതിർവശത്തുള്ള റോഡിലെ വാടകവീട്ടിൽനിന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെക്കുറിച്ചു വിവരംനൽകുന്നവർക്ക് ബിഹാർ സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വ്യാജമദ്യ മാഫിയയുമായി ബന്ധപ്പെട്ട്‌ പരാതി നൽകിയതിലുള്ള വൈരാഗ്യം മൂലമാണ് കഴിഞ്ഞ സെപ്റ്റംബർ 12-ന് ആർ.ജെ.ഡി. പ്രാദേശികനേതാവും ജില്ലാ കൗൺസിൽ അംഗം ഖുഷ്ദിൽ ദേവിയുടെ ഭർത്താവുമായ ബൈദ്യനാഥ് മഹ്തോയെ മുഹമ്മദ് അജാജ്‌ വെടിവെച്ചുകൊന്നത്. ഇത് അവിടെ വലിയ ക്രമസമാധാനപ്രശ്നമാവുകയും പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയും ചെയ്തിരുന്നു. 2019 മുതൽ കേരളത്തിലെ വിവിധയിടങ്ങളിൽ ജോലിചെയ്തിട്ടുള്ള പ്രതി, കൊല നടത്തിയ ശേഷം ചാമക്കടയിൽ വാടകവീടെടുത്ത് അച്ഛൻ, അമ്മ, ഭാര്യ, രണ്ടു മക്കൾ എന്നിവർക്കൊപ്പം താമസിച്ചുവരികയായിരുന്നു.

കൊല്ലത്തെ പ്രമുഖ ചെരിപ്പുകടയിലും ഒരു അഭിഭാഷകന്റെ വീട്ടിലും ഡ്രൈവറായി ജോലിചെയ്തിരുന്നു. കൊട്ടിയത്ത് ജോലിചെയ്തുവന്നിരുന്ന ബിഹാർ സ്വദേശിയായ സുഹൃത്താണ് കൊല്ലത്ത് വാടകവീടെടുത്തു നൽകിയത്. ഈ സുഹൃത്തിന്റെ അമ്മയുടെ പേരിൽ സിംകാർഡും എടുത്തുനൽകി. ഈ ഫോണിൽനിന്ന് ബിഹാറിലെ സുഹൃത്തിനെ ബന്ധപ്പെട്ടതാണ് അറസ്റ്റിലേക്കു നയിച്ചത്. മൊബൈൽ ടവർ ലൊക്കേഷൻ മനസ്സിലാക്കിയ ബിഹാർ പോലീസ്, 15 ദിവസമായി കൊല്ലത്തു തമ്പടിച്ചിരുന്നു. എപ്പോഴും കൈയിൽ തോക്ക്‌ കൊണ്ടുനടക്കുന്ന പ്രതിയെ, കൊല്ലം പോലീസിന്റെ സഹായത്തോടെയാണ് പിടിച്ചത്.

ബിഹാർ പോലീസ് കൊല്ലത്തെത്തിയ വിവരം മണത്തറിഞ്ഞ പ്രതി, ഇവിടെനിന്നു കടക്കാൻ ശ്രമിക്കുന്നതിനു തൊട്ടുമുൻപായിരുന്നു അറസ്റ്റ്. കൊലപാതകം, വധശ്രമം, ആയുധനിയമലംഘനം, കവർച്ച, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ബിഹാറിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ 12 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ബിഹാർ പോലീസിനു കൈമാറി.
കേരളത്തിൽ എത്തുന്നവരിൽ കൊടുംകുറ്റവാളികളും; എങ്ങും പരിശോധനയില്ല

: തൊഴിലിനായി കേരളത്തിലേക്കെത്തുന്ന മറുനാടൻതൊഴിലാളികളിൽ കൊടുംകുറ്റവാളികളും. രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാകുന്ന തരത്തിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്ന് ബംഗ്ലാദേശ് സ്വദേശികളെ പിടികൂടുന്നുമുണ്ട്. കുറ്റവാളികളടക്കം നിരവധിപ്പേർ പിടിയിലായിട്ടും അന്യസംസ്ഥാനക്കാരുടെ കണക്കെടുക്കാനോ ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാനോ ആഭ്യന്തരവകുപ്പോ തൊഴിൽവകുപ്പോ തയ്യാറായിട്ടില്ല. കേരളത്തിൽ നിർമാണമേഖലയിലാണ് മറുനാട്ടുകാർ ഏറെ ജോലിചെയ്യുന്നത്. മീൻപിടിത്ത തുറമുഖങ്ങൾ, തോട്ടംമേഖല, ഹോട്ടലുകൾ, ബേക്കറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയിടങ്ങളാണ് മറ്റു തൊഴിൽമേഖലകൾ. മറുനാടൻതൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളേറുന്നത് വർഷങ്ങൾക്കു മുമ്പുതന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ ഇവരുടെ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടപടിയാരംഭിച്ചിരുന്നു. തൊഴിൽമേഖലകൾ മാറുമ്പോൾ മറുനാട്ടുകാർ, തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിൽ വിവരമറിയിക്കണമെന്ന നിബന്ധനയുണ്ടാക്കിയെങ്കിലും അധികമാരും അതിനു തയ്യാറായിരുന്നില്ല.

Content Highlights: Notorious criminal Mohammed Ajaj arrested in Kollam, Kerala., Wanted in Bihar for the murder of RJD leader Baidyanath Mahto and 12 other criminal cases., Tracked down through a SIM card and a joint operation by Bihar and Kollam police., Lived secretly as a quiet driver in Kollam while maintaining a low profile with his family.