ബിഹാറിൽ പെൺകുട്ടിക്കുനേരെ ആൾക്കൂട്ടത്തിന്റെ അതിക്രമം; സംഭവം ആൺകുട്ടിക്കൊപ്പം യാത്രചെയ്യവേ; ദൃശ്യങ്ങൾ പുറത്ത്

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

പട്‌ന: വിവാദമായ ജമുയി സംഭവത്തിന് പിന്നാലെ വീണ്ടും ബിഹാറിൽ കൗമാരക്കാരിക്കുനേരെ ആൾക്കൂട്ടത്തിന്റെ അതിക്രമം. സമസ്തിപുരിലാണ് സംഭവം. ഗ്രാമത്തിലെ വഴിയിലൂടെ ആൺകുട്ടിക്കൊപ്പം മോട്ടോർ സൈക്കിളിൽ യാത്രചെയ്ത പെൺകുട്ടിക്കുനേരെയാണ് അതിക്രമമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പെൺകുട്ടിയെ അസഭ്യംപറയുന്നതും ശാരീരികമായി ആക്രമിക്കുന്നതും ബുധനാഴ്ച പുറത്തെത്തിയ ദൃശ്യങ്ങളിലുണ്ട്. സമസ്തിപുരിലെ ജഗത്സിങ്പുർ ഗ്രാമത്തിൽ നടന്ന സംഭവമാണെന്നാണ് വിവരം.

മോട്ടോർ സൈക്കിളിൽ യാത്രചെയ്യുകയായിരുന്ന ആൺകുട്ടിയും പെൺകുട്ടിയും ചിത്രങ്ങൾ എടുക്കാനായി വാഹനം നിർത്തി. ഈ സമയത്ത് കുറച്ചുപേർ ഇവരുടെ അടുത്തേക്ക് വരികയും പെൺകുട്ടിയോട് മോശം പരാമർശം നടത്തുകയും അതിക്രമം കാണിക്കുകയുമായിരുന്നു. വീഡിയോയിലുള്ള പുരുഷന്മാർ ജഗത്സിങ്പുർ ഗ്രാമത്തിലുള്ളവരാണെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

കുറച്ചുദിവസം മുൻപാണ് ജമുയിയിൽ ആൺകുട്ടിയെയും പെൺകുട്ടിയെും ആൾക്കൂട്ടം ആക്രമിച്ചത്. ഇവർ പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയും ചെയ്തിരുന്ന. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകുകയും വലിയതോതിൽ വിമർശനം ഉയരുകയും ചെയ്തിരുന്നു.