മദ്യപാനത്തിനിടെ ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കം; യുവാവിനെ കൊലപ്പെടുത്തി മാതൃസഹോദരന്മാർ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുണ/മധ്യപ്രദേശ്: ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ തർക്കത്തിൽ ഇരുപത്തിരണ്ടുകാരനെ കൊലപ്പെടുത്തി മാതൃസഹോദരന്മാർ. ബിഹാറിലെ ശിവഹാർ ജില്ലയിലെ തൊഴിലാളിയായ ശങ്കർ മാഞ്ചിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് കാന്റ് പോലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. സംഭവത്തിൽ ശങ്കറിന്റെ മാതൃസഹോദരന്മാരായ രാജേഷ് മാഞ്ചി (25), തൂഫാനി മാഞ്ചി (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ശങ്കർ ആർജെഡി അനുഭാവിയാണെന്നും പ്രതികൾ രണ്ടുപേരും ജെഡിയുവിനെ പിന്തുണച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് സ്റ്റേഷൻ ഇൻ ചാർജ് അനൂപ് ഭാർഗവ പറഞ്ഞു.

മൂവരും മദ്യപിച്ചുണ്ടായ വഴക്കിൽ ബിഹാർ തിരഞ്ഞെടുപ്പ് വിഷയമായതോടെ ഇത് ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. ശങ്കറിനെ സമീപത്തുള്ള ചതുപ്പ് നിലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശങ്കറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിനെയും തൂഫാനിയെയും കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യലിൽ ഇരുവരും കൊലക്കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content Highlights: A political argument over Bihar election results turned deadly when two uncles allegedly murdered their 22-year-old nephew in Guna, Madhya Pradesh.