നായയെ കൊന്ന് ഫ്‌ളാറ്റിൽ ഒളിപ്പിച്ചു ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ ശ്രമിച്ചതെന്ന് യുവതി,മന്ത്രവാദം

Photo Courtesy: x.com/SpecificallyRa1
Photo Courtesy: x.com/SpecificallyRa1

ബെംഗളൂരു: വളര്‍ത്തുനായയെ കൊന്ന് മൃതദേഹം മൂന്നുദിവസം വീട്ടിനകത്ത് ഒളിപ്പിച്ചുവെച്ച സ്ത്രീയുടെപേരില്‍ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിനി ത്രിപര്‍ണ പൈക്കിന്റെ(38) പേരിലാണ് മഹാദേവപുര പോലീസ് കേസെടുത്തത്.

മഹാദേവപുരയിലെ ദൊഡ്ഡാനെക്കുണ്ടിലാണ് സംഭവം. സ്വകാര്യ ഐടി കമ്പനിയിലെ മുന്‍ജീവനക്കാരിയായ ത്രിപര്‍ണ, ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെ കഴുത്തുമുറിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഫ്‌ലാറ്റിലെ ഒരു കിടപ്പുമുറിയില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു. ഇതിനുസമീപം പൂജചെയ്തതിന്റെ അടയാളമുണ്ടായിരുന്നു.

നായയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതാണെന്ന് ത്രിപര്‍ണ പോലീസിനോട് പറഞ്ഞു. മന്ത്രവാദം ചെയ്തതാണെന്ന് പോലീസ് സംശയിക്കുന്നു.

ഫ്‌ലാറ്റിനു പുറത്തേക്ക് ദുര്‍ഗന്ധം വന്നതോടെ സമീപത്തു താമസിക്കുന്നവര്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സഹായത്തോടെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയാണ് നായയുടെ ജഡം കണ്ടെത്തിയത്.

മറ്റ് രണ്ട് നായകളെയും ഇവര്‍ വളര്‍ത്തുന്നുണ്ടായിരുന്നു. ഭക്ഷണം നല്‍കാതെ മോശംരീതിയില്‍ പരിപാലിച്ചുവന്ന ഇവയെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഇവര്‍ വളര്‍ത്തിവന്ന മറ്റൊരു നായയെ ഏതാനും മാസം മുന്‍പ് കാണാതായെന്നും പറയുന്നു. ഭാരതീയ ന്യായസംഹിതയിലെയും മൃഗങ്ങള്‍ക്കുനേരേയുള്ള ക്രൂരതകള്‍ക്കെതിരായ നിയമത്തിലെയും വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

Content Highlights: A Bengaluru woman is arrested for killing her pet Labrador and hiding its body