മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള പക; 18-കാരിയെ മുൻ കാമുകൻ വീടിനുള്ളിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: Canva
പ്രതീകാത്മകചിത്രം | Photo: Canva

ബെംഗളൂരു: മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള പകയിൽ 18കാരിയെ മുൻ കാമുകൻ വീടിനുള്ളിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നന്ദിനി ദാസിനെയും പ്രതി ബന്ദേ നവാസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന നന്ദിനി മറ്റൊരു യുവാവിനെ വിവാഹം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 9:30-ഓടെ നന്ദിനിയുടെ വീട്ടിലെത്തിയ പ്രതി ബന്ദേ നവാസ്, യുവതിയെ കത്തി കൊണ്ട് കഴുത്തിലും കൈകളിലും വാരിയെല്ലുകളിലും തുടകളിലുമായി നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചു. നന്ദിനിയെ വധിക്കാൻ ശ്രമിച്ച ശേഷം പ്രതി സ്വയം ജീവനൊടുക്കാനും ശ്രമിച്ചതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു.

സംഭവം നടക്കുമ്പോൾ നന്ദിനിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. യുവതിയുടെ രണ്ട് ഇളയ സഹോദരങ്ങളെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ഹാളിൽ വെച്ച് നവാസ് ആക്രമണം നടത്തിയത്. നന്ദിനിയും നവാസും ഒരു സ്വകാര്യ സ്കൂളിൽ ഒന്നിച്ച് പഠിച്ചവരായിരുന്നു. നന്ദിനി മറ്റൊരാളെ വിവാഹം കഴിച്ചതിൽ നവാസ് കടുത്ത അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്നും പോലീസ് വ്യക്തമാക്കുന്നു.

ഗുരുതരമായി പരിക്കേറ്റിട്ടും നന്ദിനി വീടിന് പുറത്തേക്ക് ഓടുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. നിലവിളി കേട്ടെത്തിയ അയൽവാസികൾ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നന്ദിനിയെയും നവാസിനെയും ആശുപത്രികളിലേക്ക് മാറ്റി. ആക്രമണത്തിൽ നന്ദിനിക്ക് ശരീരമാസകലം മാരകമായ മുറിവുകൾ ഏറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Content Highlights: An 18-year-old woman was stabbed by her former boyfriend in Bengaluru after marrying another man.