ബെംഗളൂരുവിൽ ഒന്നര കോടിയുടെ എടിഎം കൊള്ള; പിന്നിൽ നാല് ജീവനക്കാർ, മാസങ്ങളുടെ ആസൂത്രണം

#ന്യൂസ് ഡെസ്ക്ക്
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ബെംഗളൂരു: ബെംഗളൂരു കോറമംഗലയിൽ വൻ എ.ടി.എം. കൊള്ള. 1,37,00,000 രൂപയാണ് രണ്ടുതവണയായി കവർന്നത്. നാല് ജീവനക്കാർ ചേർന്ന് ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. എസ്.ബി.ഐ. ഉൾപ്പെടെയുള്ള ബാങ്കുകളിൽ പണം നിറയ്ക്കാൻ ചുമതലയുള്ള ഹിറ്റാച്ചി പെയ്‌മെന്റ് സർവീസ് ലിമിറ്റഡാണ് പരാതി നൽകിയത്.

ഹിറ്റാച്ചി കമ്പനിയിലെ നാല് ജീവനക്കാർ ചേർന്നാണ് മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷം ഈ തട്ടിപ്പ് നടത്തിയത്. കോറമംഗലയിൽ ഒരു എ.ടി.എം. മാറ്റിസ്ഥാപിക്കാനുള്ള പണികൾ നടക്കുന്നുണ്ടായിരുന്നു. ഈ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 80 ലക്ഷം രൂപ, മറ്റു എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനുള്ള 57,96,000 രൂപ എന്നിവ നഷ്ടപ്പെട്ടതായി ആഭ്യന്തര ഓഡിറ്റിൽ വ്യക്തമായി. വിഷയത്തിൽ നാല് ജീവനക്കാർക്കെതിരേ കോറമംഗല പോലീസിൽ പരാതി നൽകി.

നാലുപേരും നിലവിൽ ഒളിവിൽ കഴിയുകയാണ്. ഇവരെ പിടികൂടുന്നതിനുവേണ്ടി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. സാമ്പത്തിക കുറ്റകൃത്യമായതിനാൽ കേസ് സിഐഡിക്ക് കൈമാറാനും സാധ്യതയുണ്ട്.

Content Highlights: Planned ATM Robbery in Koramangala: Hitachi Staff Suspected in Rs 1.37 Crore Cash Disappearance