ക്യാമറകളിൽ എല്ലാം പതിഞ്ഞു, നിമിഷങ്ങൾക്കുള്ളിൽ 15 ലക്ഷവുമെടുത്ത് കടന്നു; ഹിന്ദിപറച്ചിൽ അടവോ?

ചാലക്കുടി: വന്നത് സ്കൂട്ടറിൽ തനിച്ച്; ആയുധം കത്തി മാത്രം, സമയം നട്ടുച്ച. ബാങ്ക്‌കവർച്ചക്ക് വേണ്ടിവന്നത് മൂന്നേമൂന്ന് മിനിറ്റ്. ഇതിനകം കാഷ് കൗണ്ടറിന്റെ ചില്ലുവാതിൽ തകർത്ത് 15 ലക്ഷം രൂപയുമായി മോഷ്ടാവ് ജീവനക്കാരെ ബന്ദിയാക്കി രക്ഷപ്പെട്ടു. കൗണ്ടറിൽ 47 ലക്ഷം രൂപയുണ്ടായിരുന്നു.
ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണസമയത്താണ് സംഭവം. ബാങ്കിന് അകത്തും പുറത്തുമുള്ള എല്ലാ കാമറകളിലും കവർച്ച പൂർണമായി പതിഞ്ഞെങ്കിലും കറുത്ത ഹെൽമെറ്റും ജാക്കറ്റും ധരിച്ചെത്തിയയാളെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല. കൈയുറകളും ധരിച്ചിരുന്നു.ഹിന്ദി സംസാരിക്കുന്നയാളായതിനാൽ റെയിൽവേസ്റ്റേഷനും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് തൃശ്ശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ, ഹിന്ദി സംസാരം ‘അടവ്’ആയിരിക്കാമെന്നും സംശയമുണ്ട്.
പോട്ട ചെറുപുഷ്പം പള്ളിയുടെ നേരേയെതിർവശത്ത് പഴയ ദേശീയപാതയിലാണ് ബാങ്ക്. പുതിയ ദേശീയപാതയിൽനിന്ന് 150 മീറ്റർ ദൂരെ. നട്ടുച്ചയായതിനാൽ ഏറക്കുറേ വിജനമായിരുന്നു പാത. രണ്ടു മുതൽ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്. ബാങ്കിനുമുന്നിൽ നിർത്തിയിട്ട കാറിനു പിന്നിലായി സ്കൂട്ടർ നിർത്തിയാണ് ഇയാൾ ഉള്ളിലേക്കു കയറിയത്.ഏഴ് ജീവനക്കാരുള്ള ബാങ്കിൽ സുരക്ഷാ ജീവനക്കാരില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒരാൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നു. മറ്റ് നാലുപേർ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.
മാനേജരും മറ്റൊരു ജീവനക്കാരനുമാണ് പ്രധാന ഹാളിലുണ്ടായിരുന്നത്. ഇരുവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡൈനിങ് മുറിയിലാക്കി. ഈ മുറി പുറമേനിന്ന് കുറ്റിയിട്ട ശേഷം കാഷ് കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം കൈക്കലാക്കിയത്. 47 ലക്ഷം രൂപയാണ് കൗണ്ടറിൽ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതിൽനിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകൾ കൈക്കലാക്കി പുറത്തേക്കുപോയി. പോട്ട സിഗ്നലിന്റെ ഭാഗത്തേക്കാണ് മോഷ്ടാവ് പോയതെങ്കിലും നേരേ ദേശീയപാതയിലേക്ക് കയറിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സ്കൂട്ടർ സംബന്ധിച്ച് കൃത്യമായ സൂചന കിട്ടിയതായാണ് പോലീസ് പറയുന്നത്. ഭക്ഷണം കഴിക്കാൻ പുറത്തുപോയ ജീവനക്കാരനെ ഫോണിൽ വിളിച്ചുവരുത്തിയാണ് ഡൈനിങ് മുറി തുറപ്പിച്ചത്.
Content Highlights: bank theft in chalakudy 15 lakhs lost