അതിർത്തിവേലിക്കടിയിലൂടെ നൂഴ്ന്ന് ഇന്ത്യയിലേക്ക്;വോട്ടർ ID മുതൽ റേഷൻകാർഡുവരെ ബംഗ്ലാദേശികൾക്ക് സ്വന്തം

കൊട്ടാരക്കര: കരിക്കത്തുനിന്ന് കഴിഞ്ഞദിവസം പോലീസ് പിടികൂടിയ ബംഗ്ലാദേശി സംഘത്തിന്റെ പക്കലുണ്ടായിരുന്നത് ആധാറും പാൻകാർഡും റേഷൻകാർഡും ഉൾപ്പടെയുള്ള രേഖകൾ. സംഘത്തിലെ പ്രധാനി നാലുമാസംമുൻപ് രണ്ടു കുട്ടികൾക്കൊപ്പം ബംഗ്ലാദേശിലേക്കു മടങ്ങിയെന്നും പോലീസിനു വിവരം ലഭിച്ചു.
പ്രധാന പ്രതിയുടെ മൊബൈൽ ഫോണിലുണ്ടായിരുന്ന ബംഗ്ലാദേശി പാസ്പോർട്ടിന്റെ വിവരങ്ങളാണ് സംഘം ബംഗ്ലാദേശികൾ തന്നെയാണെന്ന് ഉറപ്പിച്ചത്. 13 വർഷംമുൻപാണ് ബാഗേർഘട്ട് ചലിതാമുനിയ സ്വദേശിയായ അമിജാനും ഭാര്യ മുംതാസും ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയത്. 2,500 രൂപ നൽകി വ്യാജ ആധാർ കാർഡും രേഖകളും ആദ്യം തയ്യാറാക്കിയത് ബംഗ്ലാദേശിൽനിന്നുതന്നെ ആയിരുന്നു.
പണംനൽകി അതിർത്തിവേലിക്കടിയിലൂടെ നൂഴ്ന്ന് ഇന്ത്യയിലേക്കു കടക്കുകയായിരുന്നു. 2017-ലാണ് ഇവർ കേരളത്തിൽ ചാലക്കുടിയിലെത്തിയത്. 2018-ൽ കരുനാഗപ്പള്ളിയിൽ എത്തി. ഇടയ്ക്ക് ബെംഗളൂരുവിൽ പോയി യഥാർഥ ആധാർ കാർഡ് സ്വന്തമാക്കി. കരുനാഗപ്പള്ളിയിൽ കാട്ടിൽകടവ്, നീണ്ടകര, ആദിനാട് തുടങ്ങിയ ഇടങ്ങളിലായി മാറിമാറി താമസിക്കുന്നതിനിടയിലാണ് ബംഗ്ലാദേശിൽനിന്ന് സമാനമായി മറ്റുള്ളവരെയും എത്തിച്ചത്.
കരുനാഗപ്പള്ളിയിൽ പ്രാദേശിക സഹായത്താൽ ഇവർ നിരവധി രേഖകൾ സ്വന്തമാക്കി. വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻകാർഡ്, പാൻകാർഡ്, കാരുണ്യ ആരോഗ്യരക്ഷാപദ്ധതി കാർഡ്, ബാങ്ക് അക്കൗണ്ട്, ഭക്ഷണശാല നടത്തുന്നതിനുള്ള ലൈസൻസ് തുടങ്ങി ഇന്ത്യൻ പൗരനു ലഭിക്കാവുന്ന എല്ലാ രേഖകളും ഇവരുടെ പക്കലുണ്ടായിരുന്നു.
ഇതിനെല്ലാം സഹായം ചെയ്തത് പ്രാദേശിക സംഘങ്ങളായിരുന്നു. കേന്ദ്രസർക്കാർ എസ്.ഐ.ആർ. നടപടികൾ തുടങ്ങിയതോടെയാണ് നാലുമാസംമുൻപ് അമിജാൻ രണ്ടു കുട്ടികളെയുംകൂട്ടി ട്രെയിനിൽ ബംഗ്ലാദേശിലേക്കു പോയത്. മറ്റുള്ളവർ രണ്ടുമാസംമുൻപ് കൊട്ടാരക്കരയിലേക്കു മാറി.
എല്ലാവരും റിമാൻഡിൽ
കഴിഞ്ഞ ദിവസം അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശികളെ റിമാൻഡ് ചെയ്തു. അഞ്ച് പുരുഷൻമാരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും രണ്ടു സ്ത്രീകളെയും രണ്ടു കുട്ടികളെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കുട്ടികളിലൊരാളെ അഗതിമന്ദിരത്തിലേക്കും മാറ്റി.
ലോവർ കരിക്കത്ത് ആക്രി സ്ഥാപനത്തിൽനിന്നാണ് മൂന്നു കുട്ടികൾ ഉൾപ്പെടെ 10 പേരെ കഴിഞ്ഞ ദിവസം കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തത്.
Content Highlights: 10 Bangladeshi nationals arrested in Kottarakkara, Kerala. The group possessed fake Indian documents including Aadhaar, PAN, and Ration cards. Infiltrated India via border fence 13 years ago. Local support enabled the acquisition of official Indian government identity documents. The group moved across various locations including Chalakudy, Karunagappally, and Bengaluru.