ബംഗ്ലാദേശിൽ ഗാരേജിൽ ഉറങ്ങിക്കിടന്ന യുവാവിനെ ചുട്ടുകൊന്നു; ആസൂത്രിത കൊലപാതകമെന്ന് കുടുംബം

ധാക്ക: ബംഗ്ലദേശിൽ നിന്ന് വീണ്ടും ആൾക്കൂട്ടകൊലപാതകത്തിന്റെ വാർത്ത. നർസിംഗ്ഡി ജില്ലയിലെ ഒരു ഗാരേജിനുള്ളിൽ ഉറങ്ങി കിടന്ന ഹിന്ദു യുവാവിനെ അജ്ഞാതർ ചുട്ടുകൊന്നു. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതിനിടെയാണ് ഒരു യുവാവ് കൂടി അതിദാരുണമായി കൊല്ലപ്പെടുന്നത്. കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്ര ഭൗമിക്കാണ് (23) കൊല്ലപ്പെട്ടത്. കൊലപാതകം ആസൂത്രിതമാണെന്ന് ചഞ്ചലിന്റെ കുടുംബം ആരോപിച്ചതോടെ പോലീസ് സ്ഥലത്തുനിന്ന് തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലെ ഗാരേജിലായിരുന്നു സംഭവം. കുമില്ല ജില്ലയിലെ ലക്ഷ്മിപുർ ഗ്രാമത്തിൽ നിന്നുള്ള ചഞ്ചൽ, ജോലിയുമായി ബന്ധപ്പെട്ടാണ് നർസിംഗ്ഡിയിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഉറങ്ങാൻപോയ യുവാവിനെ അജ്ഞാതർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗാരേജിന് തീയിട്ടതോടെ അകപ്പെട്ടുപോയ യുവാവ് വൈകാതെ പൊള്ളലേറ്റ് മരിച്ചു.
അക്രമികൾ പുറത്തുനിന്ന് കടയുടെ ഷട്ടറിൽ പെട്രോൾ ഒഴിച്ച് തീയിട്ടതോടെ തീ പെട്ടെന്ന് അകത്തേക്ക് പടരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോയിൽ കടയ്ക്ക് പുറത്ത് ഒരാൾ തീ കൊളുത്തുന്നത് കാണാം, തുടർന്ന് തീ നിമിഷങ്ങൾക്കുള്ളിൽ ഗാരേജിലേക്ക് പടർന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നർസിംഗ്ഡി ഫയർ സർവീസിലെ ഒരു സംഘം സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ അണച്ചതിനുശേഷം, ചഞ്ചലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഗാരേജിനുള്ളിൽ നിന്ന് കണ്ടെടുത്തു.
കൊലപാതകം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ ന്യൂനപക്ഷ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർന്നു. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: Hindu youth brutally murdered, burned alive in a Bangladesh garage. Family alleges a planned attack amid rising violence against minorities. Police investigating.