സഹോദരനുമായുള്ള വഴിവിട്ടബന്ധം തെളിഞ്ഞത് ചാറ്റില്‍; രണ്ടരവയസ്സുകാരിയുടെ കൊലപാതകത്തില്‍ അമ്മയെ കസ്റ്റഡിയില്‍വിട്ടു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസ്സുള്ള മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അമ്മ ശ്രീതുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ അന്വേഷണത്തിനായി മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ശ്രീതുവിന്റെ സഹോദരനും കൊലക്കേസിലെ ഒന്നാംപ്രതിയുമായ ഹരികുമാറിനെ കസ്റ്റഡിയില്‍ കിട്ടാനും പോലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇത് നിരസിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടരവയസ്സുകാരിയുടെ കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിനെയും പോലീസ് അറസ്റ്റ്‌ചെയ്തത്. സൈബര്‍ സെല്ലിന്റെയും ശാസ്ത്രീയ പരിശോധനയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പാലക്കാടുനിന്നാണ് ബാലരാമപുരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ജനുവരിയിലാണ് ശ്രീതുവിന്റെ രണ്ടരവയസ്സുള്ള മകളെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. തുടര്‍ന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. ഇതിനുപിന്നാലെ ഏവരെയും ഞെട്ടിച്ച മറ്റുവിവരങ്ങളും പുറത്തുവന്നു. ശ്രീതുവും സഹോദരനായ ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് തടസമായതിനാലാണ് ഹരികുമാര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്സാപ്പ് ചാറ്റുകളടക്കം പരിശോധിച്ചതില്‍നിന്നാണ് ഇരുവരും തമ്മിലുണ്ടായിരുന്ന വഴിവിട്ടബന്ധം തെളിഞ്ഞത്. ഹരികുമാര്‍ മാത്രമാണ് കൊലക്കേസിലെ പ്രതിയെന്നായിരുന്നു ആദ്യത്തെ കണ്ടെത്തല്‍. എന്നാല്‍, വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന് കണ്ടെത്തിയത്. ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാര്‍ കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതോടെയാണ് ശ്രീതുവിനെയും കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്. നേരത്തേ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതു അറസ്റ്റിലായിരുന്നു. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി ശരിയാക്കിനല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയെങ്കിലും ശ്രീതു നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് കൊലപാതകത്തിലും പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റിലായ രണ്ടുപ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. എന്നാല്‍, ഹരികുമാറിനായി നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി തള്ളി. ശ്രീതുവിനെ ആറാം തീയതി രാവിലെ പത്തുമണി വരെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയും കോടതി ഉത്തരവിട്ടു. കൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ, കൊലപാതകത്തിന്റെ കാരണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചെല്ലാം പോലീസ് വിശദമായ അന്വേഷണം നടത്തും. പ്രതിയെ കൃത്യം നടന്ന വീട്ടിലെത്തിച്ച് വിശദമായ തെളിവെടുപ്പും നടത്തും.
Content Highlights: Mother arrested in the murder of her 2.5-year-old daughter in Balaramapuram, Kerala. Police investigating for more clues. Details inside.