ബാബ സിദ്ദിഖി വധം; പ്രതികള്‍ വെടിക്കെട്ടും ബഹളവും മുതലാക്കി, പോലീസിന് നേരെ മുളകുപൊടിയെറിഞ്ഞു

മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ദിഖിക്ക് സുരക്ഷയൊരുക്കിയിരുന്ന പോലീസ് കോണ്‍സ്റ്റബളിന് നേരെ ആക്രമികള്‍ മുളകുപൊടി വിതറിയതിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പുതുതായി പുറത്തുവരുന്ന വിവരം.
മൂന്ന് ഷൂട്ടര്‍മാരും ഇവര്‍ക്ക് വിവരം നല്‍കിയിരുന്ന ഒരാളുമുള്‍പ്പെടെ നാല് പേരാണ് കൊലപാതക സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഗുര്‍മേല്‍ ബാല്‍ജിത് സിങ്, ധര്‍മരാജ് കശ്യപ് എന്നിവരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിവകുമാര്‍ ഗൗതം എന്നയാളുള്‍പ്പെടെ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
ദസറയുടെയും വെടിക്കെട്ടിന്റേയും ബഹളങ്ങളുടെ പശ്ചാത്തലത്തില്‍ കശ്യപായിരുന്നു ബാബാ സിദ്ദിഖിയെ വെടിവെക്കേണ്ടിയിരുന്നത്. എന്നാല്‍ ബഹളവും തിരക്കും കണ്ടതിനെ തുടര്‍ന്ന് ശിവകുമാര്‍ ഗൗതം ബാബ സിദ്ദിഖിയെ ആദ്യം വെടിവെക്കാമെന്ന് ഏറ്റെടുക്കുകയായിരുന്നു. മൂന്നുപേരുടെയും കൈയില്‍ മുളകുപൊടിയും പെപ്പര്‍ സ്‌പ്രേയും കരുതിയിരുന്നു. സിദ്ദിഖിക്ക് നേരെ ശിവകുമാര്‍ ആറ് വെടിയുതിര്‍ത്തതിന് പിന്നാലെ പോലീസ് കോണ്‍സ്റ്റബളിന് നേരെ മുളകുപൊടി വിതറി മൂവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ട് പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് രണ്ട് പിസ്റ്റളുകളും 28 വെടിയുണ്ടകളും കണ്ടെടുത്തു.
ശിവകുമാര്‍ ഗൗതം ആണ് തങ്ങളുടെ സംഘത്തിന്റെ നേതാവെന്ന് പിടിയിലായവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇരുവരും ആവര്‍ത്തിച്ചത്. കൊലപാതകത്തിന്റെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് ആരാണെന്നതടക്കമുള്ള വിവരങ്ങള്‍ ശിവകുമാറിനാണ് അറിയുകയെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
ശനിയാഴ്ച രാത്രി ബാന്ദ്രയിലെ മകനും എംഎല്‍എയുമായ സീഷാന്‍ സിദ്ദിഖിയുടെ ഓഫീസില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ബാബ സിദ്ദിഖിക്ക് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അക്രമികളിലൊരാളായ കശ്യപിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നെങ്കിലും ബോണ്‍ ഓസിഫിക്കേഷൻ ടെസ്റ്റിലൂടെ ഈ വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ഏറ്റെടുത്തു.
Content Highlights: Baba Siddique Shooters Threw Chilli Powder At Cop