മകളെ വിവാഹം കഴിച്ചുനൽകാത്തതിന്റെ പക; മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി ചങ്ങലയിൽ കെട്ടി മർദിച്ചു

#ന്യൂസ് ഡെസ്ക്
screengrab/mathrubhumi news
screengrab/mathrubhumi news

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി ചങ്ങലയിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശിയായ അനിൽകുമാറിനെയാണ് ഒരുസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. കിളിമാനൂരിന് സമീപം വെള്ളല്ലൂരിലെ വിജനമായ സ്ഥലത്തുള്ള പണിതീരാത്ത ഒരു കെട്ടിടത്തിനുള്ളിലാണ് അക്രമം നടന്നത്. വർക്കല പോലീസ് സ്ഥലത്തെത്തിയാണ് ചങ്ങലയിൽ ബന്ധിച്ച നിലയിൽക്കണ്ട അനിൽകുമാറിനെ മോചിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

അനിൽകുമാറിനെ സംഘം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ചങ്ങലയിൽ ബന്ധിച്ചശേഷം സ്ക്രൂ ഡ്രൈവറും ഹെൽമെറ്റും ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് അനിൽകുമാറിന് അപകടം പറ്റിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മകനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് മകനെയും സംഘം മർദിച്ചു. തുടർന്ന്, അമ്മയെ വിളിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മകനെ വിട്ടയച്ചു. മകൻ വർക്കല പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. എന്നാൽ, അക്രമികൾ ഓടി രക്ഷപ്പെട്ടു.

സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഒരുവർഷം മുമ്പ് അനിൽകുമാറിന്റെ മകളെ സുധീഷ് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ, അനിൽകുമാർ വിവാഹത്തെ എതിർത്തു. വിവാഹാലോചന നിരസിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിനും മർദനത്തിനും കാരണമെന്നാണ് പോലീസിന്റെ നിഗമനം. അനിൽകുമാറിന്റെ മൊഴി എടുത്തശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും പോലീസ് അറിയിച്ചു.

സംഭവസ്ഥലത്തുനിന്ന് അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Content Highlights: Anilkumar was kidnapped and held captive in an unfinished building in Vellalloor., The attack was allegedly motivated by a rejected marriage proposal., The victim was assaulted with a screwdriver and helmet while chained., Varkala police rescued the victim and are currently searching for the main suspect, Sudheesh., Weapons and suspicious explosive materials were recovered from the scene.