ഗുഹയിൽനിന്ന് പിടിച്ചുകൊണ്ടുവന്നു, മുക്കാലിയിൽ വിചാരണ; ഒടുവിൽ മർദിച്ച് കൊലപ്പെടുത്തി; മധുകേസ് നാൾവഴി

#ന്യൂസ് ഡെസ്ക്
മധുവിനെ ആൾക്കൂട്ടം വിചാരണ ചെയ്യുന്നു, മധു (mbtv screengrab)
മധുവിനെ ആൾക്കൂട്ടം വിചാരണ ചെയ്യുന്നു, മധു (mbtv screengrab)

പാലക്കാട്: 2018 ഫെബ്രുവരി 22 വ്യാഴാഴ്ചയാണ് മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ആദിവാസി യുവാവ് മധു (27) കൊല്ലപ്പെടുന്നത്. അട്ടപ്പാടിയിലെ മുക്കാലിയിലാണ് ആൾക്കൂട്ടം നിയമം കൈയിലെടുത്ത് മധുവിന്റെ ജീവനെടുത്തത്. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ചാണ് ആൾക്കൂട്ടം ക്രൂരമായി മർദ്ദനത്തിനിരയാക്കിയത്.

വനമേഖലയിൽ ഒരു ഗുഹയിലാണ് മധു കഴിഞ്ഞിരുന്നത്. അവിടേക്ക് കയറിച്ചെന്നാണ് ആൾക്കൂട്ടം മധുവിനെ പൊതുനിരത്തിലേക്ക് പിടിച്ചുകൊണ്ടുവന്നത്. മുക്കാലിയിൽവെച്ച് പരസ്യവിചാരണ നടത്തി. പലരും ആ ദൃശ്യങ്ങൾ സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

മർദ്ദനമേറ്റ് അവശനായ മധുവിനെ പോലീസിന് കൈമാറിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ വലിയ ജനരോഷം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ പോലീസിന് പ്രതികളെ പിടികൂടേണ്ടിവന്നു. 16 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്.

മണ്ണാർക്കാട് എസ്‌സി/ എസ്ടി പ്രത്യേക കോടതിയിലാണ് വിചാരണ നടന്നത്. നാടകീയമായ പല രംഗങ്ങളും വിചാരണവേളയിൽ ഉണ്ടായി. സർക്കാരും പ്രോസിക്യൂഷനും വലിയ പ്രാധാന്യമാണ് ഈ കേസിന് നൽകിയിരുന്നത്. എന്നിട്ടും വിചാരണയ്ക്കിടെ മധുവിന്റെ ബന്ധുക്കളടക്കമുള്ള സാക്ഷികൾ കൂറുമാറി.

104 സാക്ഷികളാണ് കേസിൽ ആകെ ഉണ്ടായിരുന്നത്. അതിൽ 22 പേരും കൂറുമാറി. പിന്നാലെ മധുവിന്റെ അമ്മയും സഹോദരിയും സർക്കാരിനെ സമീപിച്ചു. അങ്ങനെയാണ് രാജേഷ് എം. മേനോൻ എന്ന അഭിഭഷകനെ അവർക്ക് പ്രോസിക്യൂട്ടറായി ലഭിക്കുന്നത്. അദ്ദേഹത്തിന്റെ കടന്നുവരവോടെ കേസിന്റെ ഗതിതന്നെ മാറി.

പ്രോസിക്യൂട്ടർ രാജേഷ് ഈ കേസിൽ വിറ്റ്‌നസ് പ്രൊട്ടക്ഷൻ സ്‌കീം നടപ്പാക്കി. അതോടെ പ്രതികളും സാക്ഷികളും തമ്മിലുള്ള അവിശുദ്ധബന്ധം കണ്ടെത്താൻ കഴിഞ്ഞു. അത് കേസിൽ വളരെ നിർണായകമായി. പിന്നാലെ കോടതി പ്രതികളുടെ ജാമ്യം റദ്ദുചെയ്തു. അങ്ങനെയാണ് കേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നത് തടയാൻ കഴിഞ്ഞത്.

16 പ്രതികളിൽ 14 പേരെ കുറ്റക്കാരാണ് എന്ന് വിചാരണ കോടതി കണ്ടെത്തി. രണ്ടുപേരെ കോടതി വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ട 14-ൽ 13 പേർക്കും ഏഴുവർഷം കഠിനതടവാണ് കോടതി വിധിച്ചത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ കരുതിയിരുന്നത്.

ഇത് ഉണ്ടാകാതെ വന്നതോടെയാണ്, കോടതി വിധിയിൽ തൃപ്തരല്ല എന്ന് കാണിച്ച് മധുവിന്റെ അമ്മയും സഹോദരിയും ഹൈക്കോടതിയെ സമീപിച്ചത്. മധുവിന്റെ കുടുംബത്തിന്റെയും ഇതിനൊപ്പം വിചാരണക്കോടതി വിധിക്കെതിരെ പ്രതികളും  സമർപ്പിച്ച അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

കേസിൽ ഒന്നാംപ്രതിയെ കോടതി വെറുതെ വിട്ടു. മറ്റുള്ള പ്രതികളുടെ അപ്പീൽ തള്ളി. വിചാരണ കോടതി ഏഴുവർഷം തടവിനുശിക്ഷിച്ച ഒന്നാംപ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. ഇതിനൊപ്പം വിചാരണക്കോടതി നാലാം പ്രതിയെയും 11-ാം പ്രതിയെയും കുറ്റവിമുക്തരാക്കിയ നടപടിയും ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. 

Content Highlights: Overview of the 2018 Attappady mob lynching incident. Details of the trial process at the Mannarkkad SC/ST Special Court. Impact of the Witness Protection Scheme implemented by Special Prosecutor Rajesh M. Menon. Analysis of the High Court verdict regarding the acquittal of the first accused. Summary of the sentencing for the 14 convicted individuals.