മുപ്പതുലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ; 98.048 ഗ്രാം ബ്രൗൺഷുഗറും 36.232 ഗ്രാം കഞ്ചാവും കണ്ടെടുത്തു

കൊട്ടാരക്കര: മുപ്പതുലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗൺഷുഗറുമായി അസം സ്വദേശിയെ കൊട്ടാരക്കരയിൽ പിടികൂടി. കൊല്ലം റൂറൽ പോലീസിന്റെ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്നാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് അസം നാഗോൺ ബോർഗറ്റ് സ്വദേശി റബ്ബുൽ ഇസ്ലാം(25)നെ പിടികൂടിയത്.
എട്ടു സോപ്പുപെട്ടികളിലാക്കി ഒളിപ്പിച്ചനിലയിൽ 98.048 ഗ്രാം ബ്രൗൺഷുഗറും 36.232 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എറണാകുളത്തുനിന്ന് കെ.എസ്.ആർ.ടി.സി. ബസിൽ കൊട്ടാരക്കരയിലെത്തിയതാണ് റബ്ബുൽ ഇസ്ലാം.
പത്തനംതിട്ടയിൽ അന്യസംസ്ഥാന തൊഴിലാളികളിൽനിന്ന് ബ്രൗൺഷുഗർ പിടികൂടിയതിനെത്തുടർന്നു ലഭിച്ച വിവരങ്ങളനുസരിച്ച്, റബ്ബുൽ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എറണാകുളത്തും ചടയമംഗലത്തുമായാണ് ഇയാൾ താമസിച്ചിരുന്നത്. പക്കലുള്ള ആധാർ കാർഡ് 2020-ലേതാണ്. ഇതു വ്യാജമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കൊട്ടാരക്കര ഡിവൈ.എസ്.പി. ഷെരീഫിന്റെ നേതൃത്വത്തിൽ സി.ഐ. ഗംഗാപ്രസാദ്, എസ്.എച്ച്.ഒ. ഹേമന്ത് മോഹൻ, എസ്.ഐ.മാരായ അംജിത്ത്, ബിജു ജി.എസ്.നായർ, പോലീസ് ഉദ്യോഗസ്ഥരായ വിനീഷ്, നർക്കോട്ടിക് ഗ്രേഡ് എസ്.ഐ. മുജീബ്, ഡാൻസാഫ് എസ്.ഐ.മാരായ എച്ച്. ഷാനവാസ്, മനീഷ്, രാജേഷ് തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
റൂറൽ ജില്ലയിൽ ആദ്യമായാണ് ബ്രൗൺഷുഗർ പിടികൂടുന്നതെന്ന് പോലീസ് പറഞ്ഞു. ഒന്നര മാസം മുൻപ് 150 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കളും കഴിഞ്ഞ മാസം 1-ന് നാനൂറ് ഗ്രാം എംഡിഎംഎയുമായി ഒരാളും റൂറൽ പോലീസിന്റെ പിടിയിലായിരുന്നു.
Content Highlights: An Assam native, Rabbul Islam, was arrested in Kottarakkara with brown sugar worth approximately 30 lakh rupees, following a joint operation by Kollam Rural Police's DANSAF team and Kottarakkara Police. The police seized 98.048 grams of brown sugar and 36.232 grams of cannabis hidden in eight soap boxes; Islam had traveled from Ernakulam to Kottarakkara by KSRTC bus. The arrest followed information from a previous drug bust in Pathanamthitta, and authorities are investigating the authenticity of Islam's Aadhaar card from 2020.