'ചുറ്റും പുരുഷന്മാരാണ്, ഭയം തോന്നുന്നു'; അവസാന സന്ദേശത്തിന് പിന്നാലെ, പെൺകുട്ടിയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ

വിശാഖപട്ടണം: അത്യധികം സന്തോഷവതിയായാണ് അവൾ തന്റെ നൃത്തസംഘത്തോടൊപ്പം വിശാഖപട്ടണത്തേക്ക് യാത്രതിരിച്ചത്. ഒരു പരീക്ഷ എഴുതാനുള്ളതുകൊണ്ട് മാത്രമാണ് ഒറ്റയ്ക്കാണെങ്കിലും തിരികെ നാട്ടിലേക്ക് തിരിക്കാൻ അവൾ തീരുമാനിച്ചത്. ടിക്കറ്റ് കൺഫേം ആയിട്ടില്ലെങ്കിലും താൻ ട്രെയിൻ കയറി വരികയാണെന്ന് അവൾ പറഞ്ഞപ്പോൾ, മകൾ ഒറ്റയ്ക്കായി പോകാതിരിക്കാൻ അവർ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ, ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ റെയിൽവേ ട്രാക്കിന് സമീപം ചേതനയറ്റ നിലയിലാണ് പിന്നീട് ബന്ധുക്കൾക്ക് അവളെ കിട്ടിയത്.
വിശാഖപട്ടണത്തുനിന്നും അസമിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് അസമിലെ കാമരൂപ് ജില്ലക്കാരിയായ 20-കാരിക്ക് ജീവൻ നഷ്ടമായത്. ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ്സിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയെ കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടി ഗുവാഹത്തിയിലെ ബി ബറൂവ കോളേജിലെ വിദ്യാർഥിനിയും ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ടയാളുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, നൃത്തപരിപാടികളിൽ പങ്കെടുക്കാനായാണ് പെൺകുട്ടി തന്റെ സംഘത്തോടൊപ്പം വിശാഖപട്ടണത്തേക്ക് പോയത്. ഒക്ടോബർ 10-ന് ഗുവാഹത്തിയിൽ ബാങ്ക് പരീക്ഷയുള്ളതിനാൽ ഇവർ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. 'ഒക്ടോബർ അഞ്ചിന് വൈകുന്നേരം സിൽച്ചർ എക്‌സ്പ്രസ്സിലേക്ക് ഓൺലൈനായി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും കൺഫേം ആയില്ല.' പോലീസ് പറഞ്ഞു.
തുടർന്ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടി അസമിലേക്കുള്ള വിവേക് എക്‌സ്പ്രസ്സിൽ (ട്രെയിൻ നമ്പർ 22503) കയറി. ഒക്ടോബർ അഞ്ചിന് രാത്രി 11:50-നാണ് പെൺകുട്ടി ട്രെയിനിൽ കയറിയത് എന്നാണ് അമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. രാത്രി 12:10-ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ഒക്ടോബർ ഏഴിന് രാവിലെ 9:05-ന് ഗുവാഹത്തിയിൽ എത്തേണ്ടതായിരുന്നു.
ട്രെയിനിൽ കയറിയ ശേഷവും പെൺകുട്ടി കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിരുന്നു. യാത്രയ്ക്കിടയിൽ, കോച്ചിൽ വലിയ തിരക്കാണെന്നും ചുറ്റും കൂടുതലും പുരുഷന്മാരായതിനാൽ ഭയം തോന്നുന്നുണ്ടെന്നും പെൺകുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നു. തനിക്ക് ചുറ്റും നിരവധി പുരുഷന്മാരുണ്ടെന്നും അതിനാൽ ഭയം തോന്നുവെന്നുമാണ് പെൺകുട്ടി കുടുംബത്തിനയച്ച അവസാന സന്ദേശത്തിലും പറഞ്ഞിരുന്നതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
ഒക്ടോബർ ആറിന് ഉച്ചയ്ക്ക് 1:30-ഓടെയാണ് കുടുംബം അവസാനമായി പെൺകുട്ടിയുമായി സംസാരിച്ചതെന്ന് പോലീസ് പറയുന്നു. എന്നാൽ പരാതിയിലെ വിവരമനുസരിച്ച് ഒക്ടോബർ ആറിന് ചൊവ്വാഴ്ച പുലർച്ചെ 2:39-നാണ് അവസാനമായി സംസാരിച്ചത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതാവുകയും തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു. തുടർന്ന് അമ്മ ഗുവാഹത്തിയിലെ റെയിൽവേ പോലീസിലും (GRP) റെയിൽവേ ഹെൽപ്പ് ലൈനായ 139 വഴിയും പരാതി നൽകി.
പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ അസമിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനെയും (RPF) പോലീസിനെയും വിവരമറിയിച്ചു. ട്രെയിനിലെ എസ്-2 (S2) കോച്ചിൽ പെൺകുട്ടിയുടെ ബാഗും മറ്റ് സാമഗ്രികളും കണ്ടെത്തിയതിനെ തുടർന്ന് റെയിൽവേ പോലീസ് റൂട്ടിലുടനീളം തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ ശ്രീകാകുളം ജില്ലയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ മലയാപുരത്തിന് സമീപമുള്ള വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ആർ.പി.എഫ്. വൃത്തങ്ങൾ പറഞ്ഞു. മരണകാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് റെയിൽവേ പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവസ്ഥലം, മൃതദേഹത്തിന്റെ അവസ്ഥ, മുറിവുകൾ, ദൃക്‌സാക്ഷി മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, കാണാതാകുന്നതിന് മുമ്പ് നടത്തിയ ഫോൺ സംഭാഷണങ്ങൾ എന്നിവ പോലീസ് പരിശോധിച്ച് വരികയാണ്.
സഞ്ചരിക്കുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാണോ അതോ മറ്റ് എന്തെങ്കിലും സംഭവവികാസങ്ങൾ മരണത്തിലേക്ക് നയിച്ചതാണോ എന്ന് അന്വേഷണസംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനകൾക്കും ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ.
വിശാഖപട്ടണം പ്ലാറ്റ്ഫോമിൽ പെൺകുട്ടിയോടൊപ്പം കണ്ട അജ്ഞാതനായ വ്യക്തിയെ തിരിച്ചറിയാനും, തുടർന്നുണ്ടായ സംഭവങ്ങളിൽ ഇയാൾക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താനും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചുവരികയാണ്.
Content Highlights: A 20-year-old student from Assam, traveling alone on the Dibrugarh Vivek Express, was found dead near railway tracks in Andhra Pradesh's Srikakulam district after being reported missing during her journey from Visakhapatnam to Assam. The student, who was part of a dance group, had decided to return home alone for an exam, and her family last communicated with her on October 6; she expressed fear due to the presence of many men in her train coach.