എടപ്പാളിലെത്തി അർജുൻ ആയങ്കി; CCTV ദൃശ്യങ്ങൾ പുറത്ത്, ഒളിവിൽ കഴിയാൻ സഹായിച്ച അഞ്ചുപേർ പിടിയിൽ

#ന്യൂസ് ഡെസ്ക്
എടപ്പാളിലെത്തിയ അർജുൻ ആയങ്കി
എടപ്പാളിലെത്തിയ അർജുൻ ആയങ്കി

മലപ്പുറം: ഒളിവിലിരുന്ന് ആഭ്യന്തര വകുപ്പിനെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. എടപ്പാളിലെ ഒരു റെസ്റ്റോറന്റിൽ അർജുൻ ആയങ്കി എത്തി ഭക്ഷണം കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അർജുന് ഒളിവിൽ താമസിക്കാൻ സഹായം നൽകിയ നാല് പേരെയും, പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിച്ച ഒരാളെയും അടക്കം അഞ്ചുപേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

വട്ടംകുളം സ്വദേശികളായ അഴകത്ത് വളപ്പിൽ ഫൈസൽ (33), അധികാരത്ത് വളപ്പിൽ അബൂബക്കർ സിദ്ധിഖ് (34), മുണ്ടേക്കാട്ടിൽ നൗഫൽ (36), പാലക്ക വളപ്പിൽ അഷ്കർ (36) എന്നിവരാണ് ഒളിവിൽ പാർപ്പിച്ച കുറ്റത്തിന് അറസ്റ്റിലായവർ. ഇവരെ പിടികൂടാൻ എത്തിയപ്പോൾ പോലീസിനെ തടസ്സപ്പെടുത്താൻ ശ്രമിച്ച ഉദിനിക്കൂട്ടിൽ മുഹമ്മദ് റാഫിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ അർജുൻ ആയങ്കിയെ വിവിധയിടങ്ങളിൽ ഒളിവിൽ കഴിയാൻ സഹായിച്ചതായാണ് പോലീസ് കണ്ടെത്തൽ. തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സഹായികൾ വലയിലായത്.

അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞ എടപ്പാളിലെ സ്ഥാപനങ്ങളെ കുറിച്ചും ഇയാൾക്ക് സഹായം നൽകുന്ന കൂടുതൽ ആളുകളെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലവും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും, അർജുൻ ആയങ്കിയെ പിടികൂടാനായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

Content Highlights: Arjun Ayanki spotted at an Edappal restaurant. Changaramkulam police arrest 5 individuals for aiding the fugitive.