ഒളിവില്‍ കഴിഞ്ഞത് 18 വര്‍ഷം; എല്ലാം നിരീക്ഷിച്ച് പ്രതികള്‍, കുടുക്കിയത് CBIയുടെ പ്രത്യേകവിഭാഗം

കൊച്ചി: യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കൊന്ന് കേരളത്തില്‍നിന്ന് രക്ഷപ്പെട്ട ദിവില്‍ കുമാറും രാജേഷും പേരുകള്‍മാറ്റി വിഷ്ണുവും പ്രവീണ്‍കുമാറുമായി പുതുച്ചേരിയില്‍ ഒളിവില്‍ കഴിഞ്ഞത് 18 വര്‍ഷം. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ച് അവിടെ നിന്ന് തന്നെ ഇരുവരും വിവാഹം കഴിക്കുകയും ഭൂമിയും വീടും വാങ്ങി താമസമുറപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കടന്നുപോയതിനാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇരുവരും. എന്നാല്‍ സി.ബി.ഐ. ചെന്നൈ യൂണിറ്റ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു. കൊല നടന്ന കൊല്ലം അഞ്ചലില്‍ നിന്ന് തന്നെയാണ് സി.ബി.ഐ.ക്ക് ഇവര്‍ പുതുച്ചേരിയിലുണ്ടെന്ന വിവരം ലഭിച്ചതും അറസ്റ്റിലേക്ക് നയിച്ചതും.
2006 ഫെബ്രുവരി 10-ന് നടന്ന ക്രൂരമായ കൊലപാതകത്തില്‍ അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ഇതേ തുടര്‍ന്ന് കേരള ഹൈക്കോടതി 2010 ജനുവരി 15-ന് സി.ബി.ഐ.ക്ക് കേസ് കൈമാറി. സി.ബി.ഐ. ചെന്നൈ യൂണിറ്റ് 2010 ഫെബ്രുവരി ആറിന് കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ദിവില്‍ കുമാറിന്റെയും സുഹൃത്തായ രാജേഷിന്റെയും പേരില്‍ സി.ബി.ഐ. സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോടതി ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
പുതുച്ചേരിയിലാണെങ്കിലും പ്രതികളിരുവരും ഈ സംഭവങ്ങളെല്ലാം നിരീക്ഷിച്ചിരുന്നു. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചതോടെ സി.ബി.ഐ. അന്വേഷണം അവസാനിപ്പിക്കുമെന്നാണ് ഇരുവരും കരുതിയത്. ഇതാണ് ഇവര്‍ പുതുച്ചേരിയില്‍ നിന്ന് തന്നെ വിവാഹം കഴിക്കുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തത്. ഇരുവരും അവിടെ അധ്യാപികമാരായവരെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
എന്നാല്‍, കുറ്റകൃത്യം നടത്തി ഒളിവില്‍ പോകുന്നവരെ കണ്ടെത്താന്‍ പ്രത്യക വിഭാഗം തന്നെ സി.ബി.ഐ.യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗം നിരന്തരം കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കും. കൊല്ലം അഞ്ചലില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ കൊലപാതകം നടന്ന അലയമണില്‍ നിന്ന് രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരുന്നു. ഇത്തരം വിവരശേഖരണത്തില്‍ നിന്നാണ് പ്രതികള്‍ പുതുച്ചേരിയിലുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. അലയമണ്‍ സ്വദേശികളിലൊരാള്‍ ദിവില്‍കുമാറിനെ പുതുച്ചേരിയില്‍ വെച്ച് കണ്ടു എന്നാണ് സൂചന. ഇയാളാണ് സി.ബി.ഐ.ക്ക് വിവരം കൈമാറിയത്.
വിവരം ലഭിച്ചയുടന്‍ ചെന്നൈ സി.ബി.ഐ. യൂണിറ്റ് ഡിവൈ.എസ്.പി.മാരായ രാജശേഖര്‍, രവി, അഡീഷണല്‍ എസ്.പി. ദിനേശ്, എസ്.ഐ. സെബാസ്റ്റ്യന്‍, ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പുതുച്ചേരിയിലേക്ക് പുറപ്പെട്ടു. ദിവില്‍ കുമാറിനെയും രാജേഷിനെയും ഉച്ചയോടെ കണ്ടെത്തി, അറസ്റ്റ് രേഖപ്പെടുത്തി, പുതുച്ചേരിയിലെ കോടതിയില്‍ വൈകുന്നേരത്തോടെ ഹാജരാക്കി കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള അനുമതി വാങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ സി.ബി.ഐ. ചെന്നൈ യൂണിറ്റ് സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സംഭവമുണ്ടായത് കേരളത്തിലായതിനാല്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത് എറണാകുളം സി.ജെ.എം. കോടതിയിലായതിനാലാണ് ഇരുവരെയും എറണാകുളത്ത് തന്നെ ഹാജരാക്കിയത്.
പ്രാര്‍ഥനയ്ക്ക് ഫലംകണ്ടു; എനിക്കിനി കരയാന്‍ കണ്ണീരില്ല, പണവുമില്ല-ശാന്തമ്മ
അഞ്ചാലുംമൂട്: 'എന്റെ പ്രാര്‍ഥനയ്ക്ക് ഫലം കണ്ടു. എനിക്കിനി കരയാന്‍ കണ്ണീരില്ല, കൈയില്‍ പണവുമില്ല,' 2006-ല്‍ അഞ്ചലില്‍ കൊലചെയ്യപ്പെട്ട രഞ്ജിനിയുടെ അമ്മ ശാന്തമ്മ നിറകണ്ണുകളോടെ പറയുമ്പോള്‍ ധീരമായ പോരാട്ടത്തിന്റെ വീര്യവും കണ്ണുകളില്‍ തെളിയുന്നുണ്ടായിരുന്നു. മകളെയും പേരക്കുട്ടികളെയും നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി പറഞ്ഞ വാക്കുകള്‍ക്കു പിന്നില്‍ ഒരു ദൃഢനിശ്ചയത്തിന്റെ കഥയുണ്ട്. സംഭവത്തിനുശേഷം അഞ്ചാലുംമൂട് കുപ്പണയിലുള്ള മൂദോടത്ത് പടിഞ്ഞാറ്റതില്‍ വീട്ടില്‍ താമസമാക്കിയ ശാന്തമ്മ (67) പുരാണപാരായണം നടത്തി ലഭിക്കുന്ന വരുമാനത്തിലാണ് ജീവിതവൃത്തിയും നിയമപോരാട്ടവും നടത്തിയത്. വെള്ളിയാഴ്ച കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടിയ വിവരം വിളിച്ചറിയിച്ചത്. 'എല്ലാം എന്റെ പ്രാര്‍ഥനയുടെ ഫലം. നഷ്ടപരിഹാരത്തിന് കേസുണ്ടെങ്കിലും ഇതുവരെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്‌ള'. മുന്നോട്ടു പോകാന്‍ എനിക്കിനി പണമില്ലെന്നു പറയുമ്പോള്‍ ആ കണ്ണുകള്‍ ഈറനാകുന്നുണ്ടായിരുന്നു.
'പ്രതികളെ പിടികൂടിയതില്‍ സന്തോഷം; പരമാവധി ശിക്ഷ ലഭിക്കണം'
അഞ്ചല്‍: വൈകിയാണെങ്കിലും അഞ്ചലില്‍ അമ്മയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ഏറം ഗ്രാമപ്പഞ്ചായത്ത് അംഗം സന്തോഷും അഞ്ചല്‍ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോയിത്തല മോഹനനും പറഞ്ഞു. അരുംകൊല നടത്തിയ പ്രതികളെ പിടികൂടാത്തതില്‍ നാട്ടുകാര്‍ അന്ന് വലിയ പ്രതിഷേധസമരങ്ങള്‍ നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ്, സി.പി.എം., ഡി.വൈ.എഫ്.ഐ., ബി.ജെ.പി., ജനാധിപത്യ മഹിളാ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധസമരങ്ങളാണ് നടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലും രൂപവത്കരിച്ചിരുന്നു. സമരങ്ങള്‍ക്കെല്ലാം ഒടുവില്‍ ഫലംകണ്ടു. പോലീസിനും ക്രൈംബ്രാഞ്ചിനും പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. രഞ്ജിനിയുടെ അമ്മ ശാന്തമ്മയ്ക്ക് നാട്ടുകാര്‍ കൊടുത്ത വലിയ പിന്തുണയായിരുന്നു ഹൈക്കോടതിയില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി. അതിന്റെ ഫലമായിട്ടാണ് ഹൈക്കോടതി സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചത്.
Content Highlights: anchal triple murder case accused observed everything caught by cbi special team