പണം വാരിവിതറി അനന്തുകൃഷ്ണന്‍; ലാലി വിന്‍സെന്റിന് മാത്രം കൈമാറിയത് 46 ലക്ഷം, ഇടുക്കിയില്‍ ഒന്നരക്കോടി

#മാതൃഭൂമി ന്യൂസ്
അനന്തുകൃഷ്ണന്‍, ലാലി വിന്‍സെന്റ് | Photo: facebook.com/ananthu.krishnan.566790 & Mathrubhumi
അനന്തുകൃഷ്ണന്‍, ലാലി വിന്‍സെന്റ് | Photo: facebook.com/ananthu.krishnan.566790 & Mathrubhumi

കൊച്ചി: സ്‌കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് കൈമാറിയത് 46 ലക്ഷം രൂപയെന്ന് പോലീസിന്റെ കണ്ടെത്തല്‍. സംസ്ഥാന വ്യാപകമായി നടന്ന വന്‍തട്ടിപ്പില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്രയുംവലിയ തുകയാണ് കോണ്‍ഗ്രസ് നേതാവിന് നല്‍കിയതെന്ന് വ്യക്തമായത്.

അതേസമയം, അനന്തുകൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷകഫീസാണെന്ന് ലാലി വിന്‍സെന്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇത്രയും വലിയ തുക വക്കീല്‍ഫീസായി വാങ്ങാന്‍ മാത്രം പ്രമുഖ അഭിഭാഷകയാണോ ലാലി വിന്‍സെന്റ് എന്നത് അന്വേഷണസംഘത്തിന്റെ മുന്നിലുള്ള ചോദ്യമാണ്. മാത്രമല്ല, കഴിഞ്ഞദിവസം ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയും ഇത്രയും വലിയതുക ഫീസായി വാങ്ങിയതില്‍ സംശയം ഉന്നയിച്ചിരുന്നു. 

സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റ്. എന്നാല്‍, തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്റെ കേസുകള്‍ കൈകാര്യംചെയ്യുക മാത്രമാണുണ്ടായതെന്നും ലാലി വിന്‍സെന്റ് പറഞ്ഞിരുന്നു. 

അതിനിടെ, രാഷ്ട്രീയഭേദമില്ലാതെ വിവിധ നേതാക്കള്‍ക്ക് അനന്തുകൃഷ്ണന്‍ പണം നല്‍കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇടുക്കിയിലെ വിവിധ രാഷ്ട്രീയനേതാക്കള്‍ക്ക് ഒന്നരക്കോടിയോളം രൂപ ഇയാള്‍ നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇടുക്കിയിലെ ഒരു യുവനേതാവിന് മാത്രം 40 ലക്ഷം രൂപ കൈമാറിയെന്നാണ് അനന്തുവിന്റെ മൊഴി. എല്‍.ഡി.എഫിന്റെ ജില്ലാനേതാവിന് 25 ലക്ഷം രൂപയും നല്‍കി. നേതാക്കള്‍ക്ക് നേരിട്ടല്ല അനന്തുകൃഷ്ണന്‍ പണം കൈമാറിയിരുന്നത്. നേതാക്കളുടെ അടുപ്പക്കാര്‍ വഴിയും ബിനാമികള്‍ വഴിയുമായിരുന്നു ഇടപാട്. തിരഞ്ഞെടുപ്പ് സമയത്താണ് ഇത്രയും തുക കൈമാറിയതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. നാലിടത്താണ് അനന്തു ഭൂമി വാങ്ങിക്കൂട്ടിയതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

Content Highlights: NGO Scooter Scheme Fraud: Congress leader Lali Vincent received ₹46 lakh from Anantukrishnan.