ഉസ്താദിന്റെ വേഷംധരിച്ച് പള്ളിയിലെത്തി 1.6 ലക്ഷം കവർന്നു; ബേപ്പൂർ സ്വദേശി പിടിയിൽ

അമ്പലവയൽ: ഉസ്താദിന്റെ വേഷത്തിൽ പള്ളിയിൽക്കയറി മോഷണം നടത്തിയയാളെ പോലീസ് പിടികൂടി. കോഴിക്കോട് ബേപ്പൂർ അരക്കിനാട് കുപ്പിയിൽ ഷംസുദ്ദീനെ (41) യാണ് അമ്പലവയൽ പോലീസ് പിടികൂടിയത്. മഞ്ഞപ്പാറ ജുമാമസ്ജിദിൽനിന്ന് 1,60,000 രൂപ മോഷ്ടിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്.
അമ്പലവയൽ-വടുവൻചാൽ പാതയിൽ മഞ്ഞപ്പാറ ടൗണിലുള്ള പള്ളിയിലാണ് ബുധനാഴ്ച പുലർച്ചെ രണ്ടോടെ മോഷണം നടന്നത്. ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് മുറിക്കുള്ളിൽ കയറിയത്. രണ്ടു മേശവലിപ്പിലായി സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. മോഷണത്തിനുശേഷം പുറത്തിറങ്ങി മറ്റൊരു താഴുപയോഗിച്ച് മുറിപൂട്ടി. താക്കോൽ സമീപത്തുതന്നെ വെച്ചശേഷം സ്ഥലംവിട്ടു.
രാവിലെ പള്ളിയിൽ എത്തിയ സെക്രട്ടറി അലവിയാണ് മോഷണം നടന്നത് മനസ്സിലാക്കിയത്. ഉടൻ അമ്പലവയൽ പോലീസിൽ വിവരമറിയിച്ചു. പരിസരത്തെ നിരീക്ഷണക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഉസ്താദിന്റെ വേഷത്തിലെത്തിയ ഒരാൾ പള്ളിപ്പരിസരത്തേക്കു കയറുന്നത് കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീനെ പോലീസ് പിടികൂടിയത്.
അമ്പലവയൽ പോലീസ് ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പള്ളികളിൽ മോഷണം നടത്തുന്നത് ഇയാളുടെ പതിവാണെന്നും മുമ്പും ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Content Highlights: Shamsudheen (41) arrested for stealing Rs 1,60,000 from Manjapara Juma Masjid., The suspect disguised himself as an Usthad to commit the burglary., CCTV footage played a crucial role in identifying the culprit., The Ambalavayal police confirmed the suspect has a history of similar offenses.