അപേക്ഷകളിലെ പേരിലും വയസ്സിലും വ്യത്യാസം, പങ്കജ മുണ്ടെയുമായി ബന്ധം; പൂജയ്‌ക്കെതിരേ വീണ്ടും ആരോപണങ്ങൾ

മുംബൈ: വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന ഐ.എ.എസ്. ഓഫീസര്‍ പൂജ ഖേദ്കര്‍, സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലിന് മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷകളിലും ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ട്. 2020, 2023 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച അപേക്ഷകളിലാണ് പേര്, വയസ്സ് എന്നിവയില്‍ വ്യത്യാസങ്ങളുള്ളതെന്ന് ടൈംസ് നൗ ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
2020-ല്‍ ഡോ. ഖേദ്കര്‍ പൂജ ദിലീപ്‌റാവു, വയസ്സ് 30 എന്നായിരുന്നു അപേക്ഷിച്ചിരുന്നത്. എന്നാല്‍ 2023 ആയപ്പോള്‍ മിസ്സ് പൂജ മനോരമ ദിലീപ് ഖേദ്കര്‍, വയസ്സ് 31 എന്നാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2023-ല്‍ അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്ത പൂജ, പിതാവ് ദിലീപിന്റെ ഇംഗ്ലീഷ് സ്‌പെല്ലിങ്ങിലും മാറ്റം വരുത്തി. 2020-ല്‍ dilip എന്ന് ആയിരുന്നത്, 2023-ല്‍ dileep എന്നാണ് വ്യത്യാസപ്പെടുത്തിയത്. കൂടാതെ പേരിനൊപ്പമുണ്ടായിരുന്ന ഡോക്ടര്‍ എന്നതും നീക്കം ചെയ്തു. 2020-ല്‍ 30 വയസ്സുള്ള ആള്‍ക്ക് 2023-ല്‍ 33 വയസാകുമെന്നിരിക്കേ, 2023-ലെ അപേക്ഷയില്‍ 31 വയസ്സ് എന്നാണ് പൂജ രേഖപ്പെടുത്തിയിട്ടുള്ളത്.
അതിനിടെ, പൂജ ഖേദ്കറിനും കുടുംബത്തിനും മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുന്‍ എം.എല്‍.എയുമായ പങ്കജ മുണ്ടെയുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പങ്കജയുടെ പിതാവ് ഗോപിനാഥ് മുണ്ടെയുടെ പേരിലുള്ള സന്നദ്ധസംഘടനയ്ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൂജയുടെ അമ്മ മനോരമ ഖേദ്കര്‍ 12.12 ലക്ഷംരൂപ സംഭാവന നല്‍കിയിരുന്നുവെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ടുചെയ്തു. പങ്കജയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് സന്നദ്ധ സംഘടനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൂജയുടെ പിതാവ് ദിലീപ് ഖേദ്കറിനും പങ്കജ മുണ്ടെയുമായും കുടുംബവുമായി ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അഹമ്മദ് നഗറിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്താനെത്തിയ ദിലീപ് ഖേദ്കര്‍, പങ്കജ മുണ്ടെ ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ തിരഞ്ഞെടുക്കപ്പെട്ടാല്‍ 1.5 കിലോ തൂക്കമുള്ള വെള്ളികൊണ്ടുള്ള കിരീടം ക്ഷേത്രത്തിന് സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഗോപിനാഥ് മുണ്ടെ പ്രതിനിധാനം ചെയ്തിരുന്ന ബീഡ് മണ്ഡലത്തില്‍ ബി.ജെ.പി. പങ്കജയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹം കിരീടം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചുവെന്നും ബിസിനസ് ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: allegation against ias trainee puja khedkar